1
തുടർക്കാറ്റിനുള്ളിൽ പരിഭ്രമിച്ച
ഇലകളുടെ ആയുർരേഖകളിൽ വേനൽ ഉച്ചയുറക്കത്തിലാണ്
പൊടുന്നനെ
ഞെട്ടറ്റ് വീണ പോലൊരു മഴത്തുള്ളി
തട്ടിയെടുത്തു
അത്ര നേരം
തളിരുകൾ മൊഴിമാറ്റം
ചെയ്ത സന്ദേശങ്ങളെ.
2
പൗർണ്ണമിയിലും
അമാവാസിയിലും
നിദ്രയുടെ ഒരിലയെ നോക്കി
രാത്രിയുടെ മറ്റൊരില
തുടരുന്നു
രഹസ്യശിൽപ്പവേലകൾ.
