പ്രേമധാര

Readers Ink

പ്രേമധാര


നിലാവിലലർന്ന പിച്ചകങ്ങൾ
ആനന്ദരാത്രി
മാമകപ്രേമത്തിൻ ഗന്ധർവ്വരാഗം.

നിന്റെയാവേശം 
എന്റെയാരാമത്തിൽ
മുല്ലപ്പൂമണം പരത്തുന്നു
നമ്മളൊരുമിച്ച രാത്രികളായ രാത്രികളേ 
അടിമുടി വിരിഞ്ഞ ഉന്മാദമാണിപ്പോൾ-
ഞാനുടലു വിയർത്തോരൻപാണ്!

പൊടിമഞ്ഞിലേയ്ക്കു ഞാനൂറുമ്പോൾ 
കനത്ത വെയിലായി നീ കത്തുന്നു
നീയിപ്പോൾ ചിന്തിക്കുന്നത്
എന്റെ കേശഗന്ധത്തെക്കുറിച്ചാണ്  
നിശ്ശബ്ദം സ്വീകരിക്കുന്ന
അഘോര ചുംബനങ്ങളെക്കുറിച്ചാണ് 
അടരുന്ന നിമേഷങ്ങളോരോന്നും 
ഓമനിക്കുന്ന കാന്തിയെക്കുറിച്ചാണ് 

ഞാനോ, തുടുത്ത കവിളുകൾ മറച്ച് 
ലജ്ജിച്ച കണ്ണുകളടച്ച്  
പുലരിയിലെ പൂവുപോലെ 
നിന്നിലേക്ക് പൂത്തുനിൽക്കുന്നു 
മുൻപെപ്പോഴാണ് 
ഞാനിത്രയും സുന്ദരിയായിട്ടുള്ളത്? 


Related Articles