'പ്രണയം, വിരഹം, ജീവിതപ്രതിസന്ധികൾ, മനുഷ്യജീവിതത്തെ നിഴൽപോലെ പിന്തുടരുന്ന രഹസ്യങ്ങൾ തുടങ്ങിയ പ്രമേയങ്ങൾ വളരെ ആകർഷകമായി അവതരിപ്പിക്കുന്ന ഒരു നോവലാണ് ശ്രീ വിജയ് നായർ എഴുതിയ 'നിൻ അനുരാഗമിതെൻ സിരയിൽ'. ഗോപികൃഷ്ണന്റെയും ഇഷയുടെയും തീവ്രപ്രണയത്തിലൂടെയും അവർ ജീവിതത്തിൽ നേരിടുന്ന അപ്രതീക്ഷിത സംഘർഷാവസ്ഥകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ ഗോപികൃഷ്ണനും മുംബൈയിൽ ഡോക്ടറായ ഇഷയും കണ്ടുമുട്ടുന്നത്. യാദൃശ്ചികമായ ആ കൂടിക്കാഴ്ച അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. നേവിയുടെ അച്ചടക്കമുള്ള ലോകത്തുനിന്ന് വരുന്ന ഗോപിയുടെയും മെഡിക്കൽ രംഗത്തെ തിരക്കുകളിൽ ജീവിക്കുന്ന ഇഷയുടെയും മനസ്സുകൾ പരസ്പരം അടുക്കുകയും ആ സൗഹൃദം ആഴമേറിയ പ്രണയമായി മാറുകയും ചെയ്യുന്നു. ഒടുവിൽ അവർ ഒന്നാകാൻ തീരുമാനിക്കുകയും വിവാഹിതരാവുകയും ചെയ്യുന്നു. പ്രണയത്തിന്റെ സുന്ദരമായ നാളുകളും ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി അവരുടെ ദാമ്പത്യജീവിതം മുന്നോട്ടുപോകുന്നു.
അഞ്ജലി റാണയുടെ കടന്നുവരവും അതുണ്ടാക്കുന്ന പ്രഹേളികയും ഗോപികൃഷ്ണന്റെയും ഇഷയുടെയും സന്തുഷ്ടമായ ദാമ്പത്യജീവിതം മാറ്റിമറിക്കുന്നു. ജീവിതം എപ്പോഴും ഒരേ പോലെയായിരിക്കില്ല എന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. അഞ്ജലി റാണയുടെ സാന്നിധ്യം ഗോപികൃഷ്ണന്റെ വ്യക്തിജീവിതത്തെയും മാനസികാവസ്ഥയെയും കടുത്ത രീതിയിൽ ബാധിക്കുന്നു. വിശ്വാസ്യതയുടെയും സംശയങ്ങളുടെയും നിഴലിൽ ഗോപിയുടെയും ഇഷയുടെയും ജീവിതം ഒരു ചോദ്യചിഹ്നമായി മാറുന്നു.
