പ്രണയത്തിന്റെ തീക്ഷ്ണതീരങ്ങൾ

Readers Ink

പ്രണയത്തിന്റെ തീക്ഷ്ണതീരങ്ങൾ


പ്രണയം പ്രപഞ്ചത്തോളം പഴയതാണെങ്കിലും ഓരോ മനുഷ്യനിലും അത് പുതിയൊരു വസന്തമായാണ് പെയ്തിറങ്ങാറുള്ളത്. ചിലപ്പോൾ അത് മനോഹരമായൊരു സ്വപ്നമായിരിക്കും, മറ്റു ചിലപ്പോൾ കടുത്ത നിരാശയും വേദനയും സമ്മാനിക്കുന്ന കനലായിരിക്കും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പ്രിയ എഴുത്തുകാരി ഷീബ ഇ. കെ.യുടെ 'ഒരു പോസിറ്റീവ് പ്രണയകഥ' എന്ന കഥാസമാഹാരം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത് പ്രണയത്തിന്റെ അങ്ങനെയുള്ള അഗാധമായ ആഴങ്ങളിലേക്കാണ്. മനുഷ്യ മനസ്സിന്റെ വിചിത്രമായ ഭാവങ്ങളെയും പ്രണയത്തിന്റെ പലവിധ ഭാവപ്പകർച്ചകളെയും ഇതിലെ കഥകൾ ഒപ്പിയെടുക്കുന്നു.പെട്ടെന്ന് വായിച്ചുപോകാൻ പരുവത്തിൽ  ലളിതമായ ഭാഷാശൈലിയാണ് ഷീബയുടേത്. എന്നാൽ ആ ലാളിത്യത്തിനിടയിലും പ്രണയത്തിന്റെ സൗന്ദര്യവും വേദനയും വായനക്കാരന്റെ ഉള്ളിലേക്ക് ആഞ്ഞുതറയ്ക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഒഴുക്കുള്ള ശൈലിയിലൂടെ വായനക്കാരെ ഓരോ കഥകളുടെയും ഒടുക്കം വരെ കെട്ടിയിടാൻ എഴുത്തുകാരിയുടെ ഭാഷാ വൈഭവത്തിന് സാധിക്കുന്നുണ്ട്.വിരഹവും വിദ്വേഷവും തീർക്കുന്ന പ്രണയച്ചുഴികൾ പ്രണയനഷ്ടത്തിന്റെ നീറ്റലും, ഉപേക്ഷിക്കപ്പെട്ടവരുടെ ഹൃദയം നുറുങ്ങുന്ന വേദനയും, അതിൽ നിന്നുമുണ്ടാകുന്ന പ്രതികാരത്തിന്റെ ആനന്ദവുമെല്ലാം ഇതിലെ കഥകളിൽ നിഴലിച്ചു നിൽക്കുന്നു. പുരുഷന്റെയും സ്ത്രീയുടെയും മനസ്സിലെ പ്രണയവിചാരങ്ങൾ എത്രത്തോളം തീക്ഷ്ണമാകാമെന്ന് ഇതിലെ ഓരോ കഥകളും കാട്ടിത്തരുന്നു.

 'നീര - ഒരു വേനൽക്കാല സ്വപ്നം' എന്ന കഥ, പറയാതെ പോയ ഓർമ്മകളുടെ ഞെരക്കങ്ങൾ കൊണ്ട് വായനക്കാരനെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. വിരഹത്തിന്റെ വേനലിൽ ഉരുകുന്ന മനസ്സുകളുടെ ആഖ്യാനമാണിത്. വർഷങ്ങൾക്ക് ശേഷം പറയാതെ പോയ സ്നേഹത്തിന്റെ ആഴം തേടി തപൻ നീരയിലേക്ക് വീണ്ടും കടന്നുചെല്ലുമ്പോൾ, അവൾ അവനിൽ നിന്നും ഒഴുകി അകലുന്ന കാഴ്ച ഒരു വിങ്ങലായി ഹൃദയത്തിൽ ശേഷിക്കും. പ്രണയം എപ്പോഴും ഒരുമിക്കൽ മാത്രമല്ല, ചിലപ്പോൾ അകൽച്ചയും അതിന്റെ ഭംഗിയാണെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.

 'കീഴാളൻ' സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന, ജാതീയമായ വെറുപ്പിന്റെ അസ്വസ്ഥതകൾ തികട്ടിവരുന്ന കഥയാണ്. പ്രണയവും ഒരുമിക്കലും ഒക്കെ നടന്നെങ്കിലും അനിലിന്റെ താഴ്ന്ന ജാതി രുദ്രയുടെ ചിന്തകളിൽ ഉണ്ടാക്കുന്ന കടുത്ത ഗന്ധത്തിന്റെ വിള്ളലുകൾ അതിവൈകാരികമായി തന്നെ എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നു. പ്രണയത്തിന് ജാതിബോധം എങ്ങനെയൊക്കെ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ കഥ ചർച്ച ചെയ്യുന്നു.


Related Articles