"Even a small knife can cut you deep"എന്ന ആശയത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് 'സിയാ റാം D/O മീര'എന്ന നോവൽ. കാഴ്ചയിൽ ചെറുതാണെങ്കിലും വായനക്കാരുടെ മനസ്സിൽ ആഴമേറിയ തിരിച്ചറിവുകളുടെ മുറിപ്പാടുകൾ സൃഷ്ടിക്കാൻ ഈ കൃതിക്ക് തീർച്ചയായും സാധിച്ചു. ഓരോ അധ്യായവും വായനക്കാരെ ചിന്തിപ്പിക്കുകയും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ജയ്ലക്ഷ്മി ശ്രീനിവാസൻ എഴുതിയ ഈ നോവൽ മൂന്ന് അമ്മമാരുടെ സ്നേഹത്തിന്റെയും അവരുടെ നിസ്സഹായതയുടെയും ജീവിത പോരാട്ടങ്ങളുടെയും ഹൃദയസ്പർശിയായ കഥയാണ്. നിസ്സാരമെന്ന് തോന്നുമെങ്കിലും അസാധാരണമായ അനുഭവം സമ്മാനിക്കുന്ന ഒരു കൃതിയാണ് ഇത്. എന്തുകൊണ്ടാണ് ഈ നോവൽ വ്യത്യസ്തമാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യത്തെ ഏതാനും പേജുകൾക്കുള്ളിൽ നിന്നും വായനക്കാർക്ക് ലഭിക്കും. വായനക്കാരെ കഥയോട് ചേർത്തുനിർത്തുന്ന ശക്തമായ ആരംഭാകർഷണം (The hook) ഈ നോവലിന്റെ തുടക്കത്തിൽ തന്നെ രചയിതാവ് സമർഥമായി സൃഷ്ടിച്ചിരിക്കുന്നു.
എറണാകുളത്ത് ഒരുകാലത്ത് നടന്ന, ദുഃഖകരവും നാടിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയതുമായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രൂപപ്പെടുത്തിയിരിക്കുന്നത്. തികച്ചും സാങ്കൽപ്പികമായ കഥയാണെങ്കിലും ആ സംഭവത്തെക്കുറിച്ച് നമ്മളിൽ പലരും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരു വീക്ഷണമാണ് ഈ കൃതി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
