പോസ്റ്റ്‌മോര്‍ട്ടം

Readers Ink

പോസ്റ്റ്‌മോര്‍ട്ടം


രു ഞായറാഴ്ചപ്പകലിന്റെ ഉച്ചക്കിറുക്കായിട്ടാണെനിക്ക്‌ ഈ പകലിനെ ആദ്യം അനുഭവപ്പെട്ടത്‌. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണെനിക്ക് എന്റെ ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ ഒരെഴുത്ത് വരുന്നത്. എന്റെ പോസ്റ്റ്മോർട്ടം ടേബ്ലിന്റെ മുകളിൽ കിടക്കാനായി മാത്രം വരാറുള്ള കഥകളോ കവിതകളോ ലേഖനങ്ങളോ മറ്റ്‌ എഴുത്തുകളോ മാത്രമാണു എനിക്ക് സാധാരണയായി പോസ്റ്റില്‍ വരാറുള്ളത്. അങ്ങനെ വന്ന പോസ്റ്റ്കാർഡിന്റെ ദീർഘ ചതുരത്തിലെ കുറച്ച്‌ വാക്കുകൾക്ക്‌ പിറകിൽ തൂങ്ങി ഞാനിവിടെ എത്തും വരെ എന്നിൽ ചിന്തകളും തീരുമാനങ്ങളും യാന്ത്രികമായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?

96 എന്ന തമിഴ്‌ സിനിമ കണ്ടതിനു ശേഷം ഏതെങ്കിലും ഒരുത്തന്റെ തലയിൽ മിന്നിയ നക്ഷത്രമാവണം ഞാനിന്ന് പങ്കെടുക്കുന്ന ഈ പൂർവ്വ വിദ്യാർത്ഥി സംഗമം. മുപ്പത്‌ വർഷങ്ങൾ - കടലിലേക്ക്‌ തിരിച്ചിറങ്ങിപ്പോയ ഒരിക്കലും കരയിലേക്ക്‌ മടങ്ങാത്ത തിരമാലകൾ പോലെ ഓർമ്മകളെയൊക്കെയും പെറുക്കിയെടുത്ത കുറ്റത്തിനു ദിവസങ്ങളുടെ കളങ്ങളും പേറി പന്ത്രണ്ടു മാസം തൂക്കിലേറ്റപ്പെട്ട്‌ മരണമടഞ്ഞു പോയ മുപ്പതു കലണ്ടറുകൾ മാത്രമാകുന്നു. മാറ്റം പൂർണ്ണമായി വിഴുങ്ങി വികൃതമായോ അതി മനോഹരമായോ മാറിക്കഴിഞ്ഞിരിക്കാമെന്നൂഹിച്ചിട്ടും എന്തിനാവാം ഞാനിവിടെ വന്നത്‌? യാന്ത്രികമായെന്ന് പറഞ്ഞെങ്കിലും തലച്ചോറിൽ ആ ചോദ്യവും അതിനു സമാന്തരങ്ങളായ മറ്റു പല ചോദ്യങ്ങളും ഓരോ പിരീഡ്‌ ഇടവേളകളിൽ വന്ന് ബെല്ലടിച്ചു കൊണ്ടേയിരുന്നു.

ചുറ്റും വല്ലാതെ മാറിയിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിൽ പുതിയ കെട്ടിടങ്ങൾ വന്നിട്ടുണ്ട്‌. പഴയ ഓടിട്ട കെട്ടിടങ്ങളൊക്കെ വാർത്ത്‌ പുത്തനാക്കിയിരിക്കുന്നു. പുതിയ പെയിന്റുടുത്ത വലിയ മതിലെന്നെ നോക്കി ഗർവ്വ്‌ കാണിച്ചു. തനിക്ക്‌ മുകളിൽ കോറി വരച്ചും തെറിയെഴുതിയും ഒരിക്കലും പൂക്കാത്ത പ്രണയങ്ങളുടെ പേരുകൂട്ടിയെഴുതിയും വൃത്തികേടാക്കാൻ ഇനിയൊരു തലമുറയുണ്ടാകാനിടയില്ലെന്നതിന്റെ അഹങ്കാരം. ഓരോ തുറക്കലിനും അടക്കലിനും കൊച്ചു കുഞ്ഞുങ്ങളെപ്പോലെ വാവിട്ട്‌ കരഞ്ഞിരുന്ന ഗേറ്റൊക്കെ മാറി പുത്തനൊരെണ്ണം വന്നിരിക്കുന്നു. ഒച്ചയുണ്ടാക്കാത്ത തലമുറയ്ക്ക്‌ വേണ്ടിയെന്ന പോലെ സമാനമായ ഒന്ന്. അകത്തു കടന്ന് പതിയെ നടക്കുമ്പോൾ ഉള്ളിലാകെ ഒരു തണുപ്പ്‌ കയറി. പണ്ടെങ്ങോ എന്നെ വേണ്ടെന്ന് വെച്ച്‌ ഇട്ടേച്ചും പോയ ആ പഴയ മരണത്തിന്റെ തണുപ്പ്‌. എന്നെ ശല്യം ചെയ്യുന്നത്‌ ആരൊക്കെയുണ്ടാവുമെന്നും എല്ലാവരെയും എങ്ങനെയൊക്കെ അഭിമുഖീകരിക്കും എന്നൊക്കെയുള്ള ചിന്തകളായിരുന്നു.


Related Articles