വർത്തമാനത്തിന്റെ അനിശ്ചിതത്വം, അത് സൃഷ്ടിക്കുന്ന എണ്ണമറ്റ വേവലാതികളുടെ മാരക പ്രഹരങ്ങൾ...കടലാഴങ്ങളെ വെല്ലുവിളിച്ചതും മുങ്ങൽക്കാരനെന്ന് പേരെടുത്തതും സാഹസികനായതുകൊണ്ടായിരുന്നില്ല. പടവാളെടുക്കുവാനോ ജീവിതമെന്ന മഹാമിഥ്യയ്ക്ക് പട്ടുചാർത്തുവാനോ അല്ല. നിരാലംബതയുടെ നിമിഷങ്ങളിൽ മനുഷ്യനെത്ര നിസ്സാരനാണെന്നും വിശപ്പിന്റെ കരിന്തേൾ ദംശനങ്ങൾ എത്ര തീവ്രവും ഭയനാകവുമാണെന്നുമുള്ള തിരിച്ചറിവ്...കുടുംബനാഥനെന്നത് രാജപദവിയല്ല. അദ്ധ്വാനത്തിനു വേണ്ടുന്ന ശക്തിക്ക് പർവ്വതഗർവ്വിനെ കീഴടക്കുവാനുള്ള ഉൾക്കരുത്തും ദൃഢനിശ്ചയവും വേണം. കായികബലത്തെക്കാൾ നിർണ്ണായകം മനോബലമാണ്. ബന്ധനസ്ഥനായ നിലയിൽ മുത്തും പവിഴവും തേടുമ്പോൾ ഇതൊന്നവസാനിപ്പിക്കുവാൻ കഴിഞ്ഞെങ്കിലെന്ന് എത്രയോ തവണ ഉരുകിയിട്ടുണ്ട്. എന്നാണീ വേഷംകെട്ടലിൻറെ അന്ത്യവിധിയെന്നകമേ കരയുകയും പ്രാർത്ഥിക്കുകയും ചെയ്തുപോയതിന് കാരണങ്ങൾ പലതാണ്.
ഇ. എ സലിം എഴുതിയ പൊന്നൊഴുകിവന്ന കാലം (ഇ. എ സലിം/പ്രസാധകർ: കറൻറ്ബുക്സ്) എന്ന നോവൽ വായിച്ചതിനു ശേഷം ഇത് കുറിക്കാതിരിക്കുവാൻ കഴിയാതെ വന്നു. ബഹ്‌റൈനിൽ ജോലിചെയ്യുന്ന മലയയാളികളിലൊരാൾ ഇങ്ങനെയൊരു നോവലെഴുതുവാൻ മാത്രം കരുത്തു നേടിയതിനെ കുറിച്ചന്വേഷിക്കേണ്ടതുണ്ട്. അതിവൈകാരികതയുടെ കളിയോടങ്ങൾ നിർമ്മിച്ചും ഗൾഫ് ജീവിതത്തിന്റെ ദുരിതങ്ങൾ വിലാപരൂപേണ പ്രതിപാദിച്ചും പോന്നൊരു സമൂഹത്തിൽ നിന്ന് സലിമിനെപ്പോലെ ഒരെഴുത്തുകാരൻ പിറവിയെടുത്തതെന്തുകൊണ്ട്; ഇയാളെങ്ങനെ ഇതെഴുതി പൂർത്തീകരിച്ചു എന്നൊക്കെയുള്ള ജിജ്ഞാസകൾ അടക്കിനിർത്തുവാൻ ഇത് കുറിക്കുമ്പോഴും സാധിക്കുന്നില്ല. പരമ്പരാഗതമായ ജീവിതാഖ്യാനമോ ഭാഷയോ വ്യാകരണമോ അല്ല സലിം ഈ നോവൽരചനയ്ക്ക് ഉപയോഗിക്കുന്നത്. മുങ്ങൽവിദഗ്ദ്ധനായ ഇബ്രാഹിമിനെപ്പോലെ നോവലിസ്റ്റും മരുജീവിതത്തിൻറെ ആഴങ്ങളിലേയ്ക്കാണ്ടുപോകുന്നു. അടക്കമില്ലാത്ത ചോദ്യങ്ങൾ ഈ മനുഷ്യനിൽ നിന്നും പൊട്ടിപ്പടരുന്നത് ഇവിടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതം അദ്ദേഹത്തെ അത്രമേൽ അലട്ടിയതുകൊണ്ടാകണം. ജീവിതദൈന്യതകളുടെ ഉപരിതല വിവരണങ്ങളിലൊന്ന് സലിമിനും വേണമെങ്കിൽ ആകാമായിരുന്നു. പക്ഷേ അദ്ദേഹം സർവ്വസാധാരണമായ നോട്ടപ്പാടുകളിൽ നിന്ന് അകലം പാലിക്കുന്നു. അതിന്റെ കാരണം അദ്ദേഹത്തിന്റെ ജോലി മാത്രമായിരിക്കില്ല എന്നത് തീർച്ചയാണ്. (അദ്ദേഹം ബഹ്റൈനിലെ പെട്രോളിയം കമ്പനിയായ ബാപ്കോ എനർജീസിൽ കോൺട്രാക്റ്റ് മാനേജ്മെൻറ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു.) താരതമ്യേന അത്രയേറെ അലച്ചിലൊന്നുമില്ലാത്ത ഒരു ജോലിചെയ്യുന്ന കുടിയേറ്റക്കാരൻ അറേബ്യൻ ഗൾഫിലെ ധൂർത്തിന്റെ അസംഖ്യം സിരകളും നാഡികളും അതിസൂക്ഷ്മമായ കോശങ്ങളും തേടുക മാത്രമല്ല, പ്രാചീനമായൊരു സംസ്കൃതിയുടെ ഉറവിടങ്ങൾ കൂടി അന്വേഷിക്കുകയാണ്. ഒരുപക്ഷേ സ്വത്വപ്രതിസന്ധിയുടെ ചിന്താലോകം പഴയതും പുതിയതുമായ സംസ്കാരങ്ങളുടെ ഗതിവിഗതികളിലേയ്ക്ക് അദ്ദേഹത്തിൻറെ പ്രക്ഷുബ്ധതയെ തിരിച്ചുവിട്ടുതാകണം. അല്ലെങ്കിൽ പെട്രോഡോളർ പ്രവാഹത്തിന്റെ ഉത്ഭവചരിത്രത്തെയും അവിടെ കുമിയുന്ന ധനസമ്പന്നതയിലെ ജീവിതമെന്ന ആചാരത്തെയും തന്റേതായ രീതിയിൽ അനുഭവിച്ചാവിഷ്ക്കരിക്കുവാൻ സലിമിന് എന്തു കാരണമാണുള്ളത്? പെട്രോളിന്റെ ഉറവ തീർത്ത സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത പരിവർത്തനം ഗൾഫ്മേഖലയിലെ ബലതന്ത്രങ്ങളെ, അധികാര രാഷ്ട്രീയത്തെ, ഇസ്തിരിയിട്ടു ചുളിവു വീഴാത്ത നയതന്ത്രത്തിന്റെ ബട്ടർ പരുവത്തിലുള്ള ഫ്ലക്സിബിലിറ്റിക്ക് പിന്നിലെ ഭീഷണിരാഷ്ട്രീയത്തെ, ഉപജാപക അധോലോകങ്ങളെ, അങ്ങനെ പെട്രോൾ ഏതൊക്കെ രീതിയിലാണ് പൊന്നൊഴുക്കി കൊണ്ടുവന്നതും ചിലപ്പോഴൊക്കെ അതിനടിയിലൂറിക്കൂടിയ ഇരുണ്ട മാലിന്യങ്ങളെ വെളിപ്പെടുത്തിയതും!
ഗൾഫ് മേഖലയിലെ എണ്ണപ്പാടങ്ങൾ കേന്ദ്രീകരിച്ചാണ് 'പൊന്നൊഴുകിവന്ന കാല'ത്തിൻറെ തുടക്കം. പെട്രോൾ കണ്ടെത്തിയ ഇംഗ്ലീഷുകാരും അവരുട യജമാനത്വ ഭാവനിർമ്മിതിയും പേർഷ്യൻ ഗൾഫ് സംസ്ക്കാരത്തിൻറെ അടിയറ്റത്തേയ്ക്കോ അവിടെ ഉരുവംപൂണ്ട രാഷ്ട്രാന്തരീയ മാറ്റങ്ങളുടെ ചരിത്രത്തിലേയ്ക്കോ ആഴ്ന്നിറങ്ങുന്ന ഒന്നായ് മാറുന്നില്ല ഈ രചനയിൽ. എങ്കിലും നോവൽദേശമായ ദിൽമുനിയയുടെ പ്രലോഭനം കൊള്ളിക്കുന്ന വശ്യശക്തി നോവലിന്റെ സവിശേഷതയാണ്.
