ആംഗലേയ കവിതയുടെ ആധുനികസ്വത്വം ഇന്ത്യൻ എഴുത്തുകാരിലൂടെ പ്രകടമായത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെപ്പോഴോ ആണെന്ന് പറയാം. നിസ്സിം എസാക്കിയേൽ, എ.കെ രാമാനുജൻ, ഡോംമൊറെയ്സ്്, അരുൺ കൊലാട്കർ എന്നിവരൊക്കെ ഉള്ളിലുറഞ്ഞുപോയ ജനിതക - പരിചിത സംസ്കാരത്തെ അന്യഭാഷയായ ഇംഗ്ലിഷിലൂടെ പറഞ്ഞവരാണ്. ദ്രാവിഡബോധ്യത്തിന്റെ അകച്ചുരുളുകൾ നിവർന്നുനിന്ന രാമാനുജൻകാവ്യപരത, ആത്മസംഘർഷങ്ങളുടെ തീരാക്കെട്ടുപാടുകളിൽ കാവ്യചിന്തകളെ ഉറപ്പിച്ച് നിർത്തി സമൂഹമനസ്സിന്റെ നീതിരാഹിത്യത്തിലേക്ക് പടർത്തി രാഷ്ട്രങ്ങളുടെയും അധാർമ്മികതളുടെയും നോവുകളെ വാക്കുകളിലേക്ക് അഴിച്ചുവിട്ട നിസ്സീം എസക്കിയേൽ, ദൈനംദിന ഇടപടലുകളിലൂടെ സാധാരണ മനുഷ്യന്റെ വലിയ സങ്കടങ്ങളെ ദാർശനികസത്യം ഒളിപ്പിച്ച കാവ്യബിംബങ്ങളാക്കിയ അരുൺ കൊലാട്ക്കർ, ഒരു പക്ഷേ, വാക്കുകളിൽമാത്രം സ്വന്തം ഇടം കണ്ടെത്തിയ ഡോംമൊറെയ്സ്്.
മൊറെയ്സ്് പാശ്ചാത്യ ഭാഷകൾക്കിടയിലെ മൊഴിമാറ്റ സാദ്ധ്യതയിലൂടെ തന്റെ എഴുത്തുരീതികളെ സമ്പന്നമാക്കിയപ്പോൾ, മറാത്തിയിലും ഇംഗ്ലിഷിലും ഒരുപോലെ എഴുതി കൊലാട്കർ. സംഘകാല തമിഴ്കൃതികളേയും ക്ഷേത്രജ്ഞരുടെ തെലുങ്ക് പ്രണയ കാവ്യങ്ങളേയും കന്നടത്തിന്റെ 'സംസ്കാര'യെയുമൊക്കെ (യു.ആർ. അനന്തമൂർത്തി രചിച്ചത്) പടിഞ്ഞാറിനു പരിചയപ്പെടുത്തി രാമാനുജൻ. മറാത്തിയിൽനിന്ന് ഇംഗ്ലിഷിലേക്കും മറിച്ചും തന്റെ കാവ്യയാനം തുടർന്നു നിസ്സിം എസക്കിയേൽ. കവിത തനിക്കൊപ്പം ജനിക്കുന്നു തന്നോടൊപ്പം മരിക്കുന്നു എന്ന സങ്കുചിതമായ കാഴ്ച്ചപ്പാടിനു പുറത്തുനിന്ന കവിയും കൂടിയാണ് എസക്കിയേൽ. തനിക്കു ചുറ്റും വളർന്ന കാവ്യചിന്തകളെ അനുപമമായ കവിത്വത്തിലേക്ക് കൈപിടിച്ചിട്ട് നടത്തിച്ച കാവ്യാസ്വാദനം മുംബൈയിലെ കാവ്യയുവത്വത്തിന് നേരെ പിടിച്ച കരിപുരളാത്ത കണ്ണാടിയായി. പിന്നിലല്ല ഒപ്പമാണിവർ ഉണ്ടാവേണ്ടത് എന്ന അസാധാരണമായ നീതിബോധം ഒരുപാട് കവിമനസ്സുകളെ സ്വാധീനിച്ചു.
ആംഗലേയ കവിതാ സാഹിത്യത്തിന് ഏറെക്കുറെ ഭാരതീയമായ നിലനിൽപ്പിന്റെ ആധാരശില ഇവരിലൂടെ രൂപംകൊണ്ടു. ഒപ്പം വന്ന പുതിയ കവികൾ പലരും ഒന്നിലധികം ഭാഷകളിൽ കാവ്യസ്രോതസ്സ് കണ്ടെത്തി. ഇക്കൂട്ടത്തിൽ പ്രാദേശികഭാഷകൾക്കുളിൽ കുമിഞ്ഞുകൂടിയ സംസ്കാര വൈവിധ്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയുടെ നാനാത്വത്തിന്റെ സംസ്കാര നിറവിൽ കാവ്യാഭിമാനം കൊണ്ടവർ അനവധി. അനേകങ്ങളിലെ അരികുകളെക്കൂടി പറഞ്ഞുകൊണ്ട്, വേർതിരിവുകളുടെ യുക്തിബോധത്തെ ചോദ്യം ചെയ്തുകൊണ്ട്, കലാവിമർശനവും സൃഷ്ടികളിലൂടെ ആത്മ വിമർശനവും നടത്തുന്ന ഒരു കവിയും ഉണ്ടായി രഞ്ജിത് ഹോസ്കോട്ടെ (Ranjith Hoskote).
