ബോധം

Readers Ink

ബോധം


റെഗുലേറ്ററിന്റെ വേഗത അഞ്ചിലാണ്. കറങ്ങുന്ന ടേബിൾ ഫാനിന്റെ ചുവട്ടിൽ കട്ടിലിലെ പുതപ്പിനടിയിൽ അർദ്ധനഗ്നനായി കിടക്കുകയാണ് ലത്തീഫ്. മയക്കത്തിലെ ശ്വാസോച്ഛ്വാസ ക്രമത്തിൽ മൂക്ക് നേരിടുന്ന വെല്ലുവിളികൊണ്ട് വാ പിളർന്നാണ് അയാൾ കിടന്നിരുന്നത്. വായിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ തലയണയിലേക്ക് കിനിഞ്ഞിറങ്ങി. പ്രഭാതകിരണങ്ങൾ ആ മുറിയിലേക്ക് അരിച്ചെത്തിയിട്ട് മണിക്കൂറുകളായി.'ഗുഡ് നൈറ്റ് ' ന്റെ സ്റ്റാൻഡിന് ചുറ്റും വലം വച്ച് നിൽക്കുന്ന ചാരത്തിന്റെ ചൂടും ആറി തണുത്തു. എങ്കിലും ലത്തീഫിന്റെ കണ്ണുകൾ ഇപ്പോഴും ഇരുട്ടിലാണ്. ചിന്തകൾ മാത്രമാണ് വെളിച്ചത്തിൽ.

ലത്തീഫിന്റെ വാപ്പ സുലൈമാന് വീതിച്ച് കിട്ടിയ കുടുംബസ്വത്തിലെ 7.5 സെന്റ് ഭൂമിയിൽ കെട്ടിപ്പൊക്കിയ വാർപ്പ് തേക്കാണ്ട് നിലനിൽക്കുകയാണ്. വീടൊന്ന് തേച്ച് മോടി പിടിപ്പിക്കണമെന്ന് ഉമ്മ ഹാജറക്ക് ആഗ്രഹമുണ്ടെങ്കിലും ബാങ്കുകാരും പലിശക്കാരും ഉള്ള കടം എഴുതി തള്ളുമോ എന്നുള്ളത് സംശയമാണ്. പോരാത്തതിന് സുലൈമാന്റെ അലക്ഷ്യമായ മദ്യപാനവും. സുലൈമാൻ പണി ചെയ്തുണ്ടാക്കുന്നതിൽ ഭൂരിഭാഗവും ബീവറേജിലും ബാറിലും ചെന്ന് കൊടുക്കുമ്പോഴും ഹാജറ തന്റെ മുഴുവൻ പങ്കും കുടുംബം പുലർത്തുന്നതിനായാണ് ഉപയോഗിക്കുന്നത്. ആയതിനാൽ തന്റെ ആവലാതികളും വിഷമങ്ങളും ഭർത്താവിന്റെ നിരുത്തരവാദിത്വവും തന്റെ വിധിയിൽ മേലും പടച്ചവന്റെ മേലും പഴിചാരും. എങ്കിലും ഹാജറക്ക് പടച്ചോനോട് ഇഷ്ടക്കേടൊന്നുമില്ല. ഒരു പക്ഷേ…തന്റെ വിഷമങ്ങൾ കേട്ടിരിക്കാൻ ഒരാളുണ്ടെന്ന തോന്നലായിരിക്കാം.

മാത്രമല്ല എന്നെങ്കിലുമൊരുന്നാൾ പടച്ചോൻ തന്റെ വിഷമങ്ങൾക്ക് നടപടി ഉണ്ടാക്കും എന്ന പ്രതീക്ഷ ഹാജറയിൽ ഇന്നുമുണ്ട്. ഇത്തരത്തിൽ വല്ലായ്മയുടെയും ഇല്ലായ്മയുടെയും പാതയിൽപ്പെട്ട് കുടുംബം ഉഴലുമ്പോഴും വിദ്യാർത്ഥിയായ ലത്തീഫ് ആരെയും ബുദ്ധിമുട്ടിച്ചിരുന്നില്ല. പഠനാവശ്യങ്ങൾക്കുള്ള തുകയെല്ലാം അവൻ തന്നെ കണ്ടെത്തി. കാരണം വീട്ടിലെ ശോകകരമായ അവസ്ഥ അവൻ കൺമുന്നിൽ കാണുന്നുണ്ട്.


Related Articles