മനുഷ്യർക്ക് പല മണങ്ങളാണ്.. ചിലർക്ക് പൂക്കളുടെ, ചിലർക്ക് മണ്ണിന്റെ, വേറെ ചിലരെ മഴ മണക്കും, ചിലരുടെ വിയർപ്പിന് സുഗന്ധമാകും ചിലപ്പോൾ രാത്രിയുടെ, പേരറിയാത്ത പുഴകളുടെ, വേറെ ചിലർക്ക് ഉളുമ്പുമണം... അടുത്തെങ്ങും നിൽക്കാനാവാത്തപോലെ, കനച്ച എണ്ണയുടെ, മനം പുരട്ടുന്ന സ്പർശങ്ങളുടെ അങ്ങനെ അങ്ങനെ...
ബ്ലെസ്സിയുടെ കൊച്ചപ്പന് മുറുക്കിന്റെയും ചുരുട്ടിന്റെയും മണമായിരുന്നു. ഇളം നിറങ്ങളിലുള്ള മുറിക്കയ്യൻ ഷർട്ടുകളും കള്ളിമുണ്ടുകളും ഇട്ട് മുറുക്കും അച്ചപ്പവും പെട്ടികളിലാക്കി ചുകന്ന നാട കൊണ്ടു കെട്ടി ബസ്സിന് മുകളിൽ കയറ്റിവിട്ടു തെരുവിന്റെ അറ്റത്തു കൂട്ടിയിട്ട പോസ്റ്റ് ചാരി നിന്നു ചുരുട്ട് വലിക്കുന്ന കൊച്ചപ്പനെ നാട്ടിലെ എല്ലാവർക്കും അറിയാം. ആഞ്ഞ് അഞ്ച് പുകയെടുത്താൽ പിന്നെ അങ്ങേര് മുണ്ടും തെരുത്ത് കേറ്റി നേരെ വീട്ടിലേക്കു നടക്കും.
കൊച്ചമ്മ കെട്ടിയോനിഷ്ടപ്പെട്ട കപ്പയോ ചക്കയോ കാച്ചിലോ വേവിച്ച് മുളകൊടച്ചതും തൈരും ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. അതും കഴിച്ചു പറമ്പിൽ പോയി ആടിന് പുല്ല് വെട്ടിയിടണം. അതും കഴിഞ്ഞു വന്നാലാണ് രസം. ചൂട് കട്ടനും കുടിച്ച് രണ്ടാളും പഴയ കഥകൾ പറയാൻ തുടങ്ങും. അതുകേൾക്കാനാണ് ബ്ലെസ്സി കാലത്ത് മുതലേ കൊച്ചമ്മയുടെ പിന്നാലെ കൂടുന്നത്, കോഴിയെ കൂട് തുറന്നു വിടാനും പുഴുക്കിന് അരപ്പൊതുക്കാനും കൂട്ടാന് ഉപ്പ് നോക്കാനും ഇല്ലാത്ത ഉൽസാഹം കാട്ടുന്നത്. കൊച്ചമ്മയുടെ പിന്നാലെ നടക്കുമ്പോ അവരുടെ വിണ്ടു കീറി കറുത്ത കാൽവണ്ണകൾ അവളുടെ ഉള്ളിൽ വെറുപ്പ് നുരകൾ ഉണർത്തും. വീട്ടിൽ നിൽക്കുമ്പോ അവർക്ക് കോഴിയുടെയും ആടിന്റെയും സവാളയുടെയും ചൂരാണ്. മേലെല്ലാം അഴുക്കും, അടുക്കളവെള്ളവും, മഞ്ഞളിന്റെ കറയും.
