നിന്നെക്കുറിച്ചെന്തെങ്കിലും
പറയാൻ മുതിരുമ്പോൾ
ഒരു ചിറകടിശബ്ദം കേൾക്കും.
വട്ടംചുറ്റിപ്പറന്നു
മണ്ണിൽ വീഴാൻ തുടങ്ങുന്ന
ഒരു തൂവൽ കാണും.
പകൽ,
നിൻ്റെ കൊക്കിൽ
വെയിലിൻ്റെ മൂർച്ച.
ചിറകിൽ
വെയിലിൻ്റെ
വെട്ടിത്തിളക്കം.
രാത്രി,
ചന്ദ്രനുദിക്കുമ്പോഴേക്കും
ഉറങ്ങിക്കഴിഞ്ഞ നീയും
ചന്ദ്രനും മരക്കൊമ്പും പൂക്കളും
എല്ലാം ചേർത്ത്
ഒരു ചിത്രം വരയ്ക്കുന്നതിനെക്കുറിച്ച്
ഞാൻ
ആലോചിക്കും.
