അടക്ക് കഴിഞ്ഞ് അതിന്റെ പതം പറച്ചിലും പിന്നെ മൂന്നിന്റെയന്ന് അടിയന്തിരവും പിന്നെയതിന്റെ വിശേഷം പറച്ചിലും കഴിഞ്ഞിട്ടാണ് ഞാൻ പരേതന്റെ സേവന പുസ്തകം തുറന്നത്. വിരമിച്ചവന്റെ പുസ്തകം ഞാൻ പലവട്ടം കൈകാര്യം ചെയ്തെങ്കിലും മരിച്ചവന്റേത് ഇത് ആദ്യമായിരുന്നു. വിരമിച്ചവന്റെ പുസ്തകം മാസങ്ങൾക്കു മുന്നേ മുതൽ സേവനകാലം കണക്കു കൂട്ടിയും കിഴിച്ചും കിട്ടാനുള്ളതെല്ലാം പിന്നെയും പിന്നെയും ഹരിച്ചും ഗുണിച്ചുമിരിക്കുന്നത് കൂടാതെ പിന്നെയുമിടക്കിടക്ക് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് തന്റെ കണ്ണട യാതൊരു കാര്യവുമില്ലാതെ തൂവാലയാൽ തുടച്ചുകൊണ്ട് ടി ജീവനക്കാരൻ നമ്മെയത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.
നിയമന ദിവസം തന്നെ വിരമിക്കൽ തീയതിയും എഴുതി ചേർത്തിരുന്നെങ്കിലും കാലം എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന ക്ലീഷേ പറച്ചിലിലൂടെ അദ്ദേഹം തന്റെ നര പടർന്നു തുടങ്ങിയ നെറുകയിൽ അല്പം സങ്കോചത്തോടെ തഴുകും. പെട്ടെന്ന് വൃദ്ധനായി പോയത് പോലൊരു കുണ്ഠിതം എത്ര മറച്ചിട്ടും ആ മുഖത്തിങ്ങനെ നിഴലിക്കുന്നത് കാണുമ്പോൾ ഞാൻ എന്നെ കുറിച്ച് ഓർക്കും. ഒരിക്കൽ ഞാനും കടന്നു പോകേണ്ട കാലത്തിന്റെ അനിവാര്യതയെക്കുറിച്ചോർത്ത് തെല്ലൊരു അസ്വസ്ഥതയോടെ ചിന്തിച്ചുകൊണ്ട് വീണ്ടും എന്റെ ജോലികളിലേക്ക് തിരിയും.
എന്നാൽ ഇപ്പോൾ അങ്ങനെയല്ല...
