ആരെ പേടിയില്ലെങ്കിലും
പൊരേടെ തൂണിനെ പേടിക്കണന്ന്
അച്ഛമ്മ.
അച്ഛന്റെ പേടിയും പേടിപ്പിക്കലും
മുറ്റത്തെ തെങ്ങായിരുന്നു.
ഞങ്ങൾ കുട്ടികൾ
ഗോലിയും മേടാസും കളിക്കുമ്പോൾ
തെങ്ങിൻ കടേൽ മൂത്രിക്കുമ്പോൾ
മുറ്റത്തൊന്നിറങ്ങി നിക്കുമ്പോൾ
താക്കീതും കരുതലും ശാസനയും
അച്ഛനായെത്തും.
പഴമ്പട്ട, കരിം തേങ്ങ,
മച്ചിങ്ങ, കവളിമടൽ.
മേലോട്ട് നോക്കി
അകത്തേക്കോടിക്കും.
പാതി നിർത്തിയ കളിയും മൂത്രവും
നീരസമായി ഉമ്മറത്തെ തൂണിൽ മുഖം ചാരും.
പിന്നെ
പട്ടയും വിളച്ചിലുമില്ലാതെ
മുറ്റത്തെ തെങ്ങ്
ഒറ്റാന്തടിയായി; അച്ഛനും .
മണ്ഡരിക്കാലത്തെ
ആ പക മുറിപ്പിച്ച പാട്
ശാസനകളുടെ കടക്കുറ്റിയായി
ഇപ്പോഴുമുണ്ട് മുറ്റത്ത്,
അലങ്കാര പെയിന്റടിച്ച്
വിന്റേജ് ലുക്കിൽ.
