പറച്ചി

Readers Ink

പറച്ചി


"അവര് മറ്റേ പള്ളിയിൽ കൂടുന്നോരാ, നമ്മുടെ കൂട്ടരല്ല."മേരി സൂസന്നയുടെ തോളിൽ കേറിയിരുന്ന് ചെവിയിലേക്ക് അയച്ച സന്ദേശം പിന്നിലിരുന്ന പീലിപ്പോസ്  അതേപടി കേട്ടു.
"അല്ലേലും ഈ കൊച്ചന് ഇതെന്നാ ഏനകേടാ? അവനവൻ്റെ കൂട്ടത്തിൽ പെണ്ണില്ലാഞ്ഞിട്ടാണോ കണ്ട പറക്കുടിയും പെലക്കുടിയും കേറി ബന്ധം പിടിക്കുന്നെ?"
ഏറ്റവും പിന്നിലിരുന്നുകൊണ്ട് പീലിപ്പോസ് ഉറക്കെ പറഞ്ഞത് കേട്ട് അവിടെ കൂടിയവരെല്ലാം അയാളെ തിരിഞ്ഞുനോക്കി. സണ്ണിക്ക് സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കൂട്ടുകാരി സാലിയോട് പ്രേമം ഉണ്ട്. അവൾക്ക് തിരിച്ചും. അതത്ര രഹസ്യവുമല്ല. കോളനിയിൽ ജീവിക്കുന്ന പെണ്ണിനോട് ഇടവകയിലെ ചെറുക്കന് പ്രേമം ഉണ്ടെന്നറിഞ്ഞ അന്ന് മുതൽ സണ്ണിയുടെ വീട്ടുകാരെ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ ഉപദേശിക്കാൻ തുടങ്ങി. പക്ഷേ ആ ഉപദേശങ്ങളൊന്നും പ്രേമത്തിൽ ഏറ്റില്ല. മാത്രമല്ല സ്നേഹം കൂടുതൽ ശക്തമാവുകയും ചെയ്തു. പള്ളിവക വായനശാലയിൽ നിന്ന് സണ്ണി അടങ്ങുന്ന വളരെ കുറച്ച് യുവജനങ്ങളുടെ ശക്തമായ ആവശ്യപ്രകാരമാണ് നാട്ടിലുള്ള എല്ലാവർക്കും അവിടെ നിന്നും പുസ്തകങ്ങൾ എടുക്കാൻ പറ്റുന്നത്. പള്ളിക്കമ്മറ്റിയിൽ കാര്യം അവതരിപ്പിച്ചപ്പോഴേ എല്ലാവരും എതിർത്തതാണ്. ബേബിയും ഷിബുവും റോഷ്നിയും സണ്ണിക്കൊപ്പം നിന്നു. പലതരത്തിൽ എതിർപ്പുകൾ ഉയർന്നുവെങ്കിലും ആവശ്യത്തിൽ നിന്ന് അവർ പിന്മാറിയില്ല. കമ്മറ്റി മൂന്നാമത്തെ ചർച്ചയിൽ ആവശ്യം അംഗീകരിച്ചു.
"കണ്ട കോളനിക്കാർക്ക് കേറി നെരങ്ങാൻ ഉള്ളതല്ല പള്ളി വക വായനശാല." എന്ന പുച്ഛത്തോടെയുള്ള ക്രിസ്റ്റിയുടെ സംസാരം കൊണ്ട് കയ്യാങ്കളിയുടെ വക്ക് വരെ എത്തിയതിന് ശേഷമാണ് ആവശ്യം അംഗീകരിച്ചത്.
"അവനാ കോളനിയിലെ പെണ്ണിന് വേണ്ടിയാ ഈ കൂത്തെല്ലാം നടത്തുന്നേ."
കമ്മറ്റി കഴിഞ്ഞു ആൻഡ്രൂസ് തിരികെ വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്ക് വർക്കിയോട് പറഞ്ഞു.
"കണ്ടറിയാം. സൈമൺ മകൻ്റെ തോന്നിയ വാസത്തിനു കൂട്ട് നിൽക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്." വർക്കി രഹസ്യത്തിൽ തിരികെ പറഞ്ഞു.
"കർത്താവിന് കറുപ്പും വെളുപ്പും ഒന്നുമില്ലെടാ, അതൊക്കെ ഈ മനുഷ്യർക്കാണ്."

സണ്ണി വീട്ടിലേയ്ക്ക് നടക്കുന്ന വഴിക്ക് ബേബിയോട് പറഞ്ഞു.
"എടാ അതിപ്പോ എനിക്കും അറിയാം. പക്ഷേ, നീയവളെ കെട്ടിയാൽ പള്ളിയിൽ നിന്ന് നിങ്ങളെ കുടുംബ സമേതം ഒറ്റപ്പെടുത്താനാണ് എല്ലാവരുടെയും തീരുമാനം." ബേബി ബുദ്ധിമുട്ടി പറഞ്ഞു തീർത്തു.
"എടാ ബേബി മാറ്റി നിർത്താനും, മുടക്കാനുംമക്കെ മനുഷ്യർക്ക് മാത്രേ പറ്റുള്ളൂ. ദൈവംതമ്പുരാൻ സ്നേഹിക്കുന്നവരെ അകറ്റത്തില്ല. അങ്ങേര് ആരെയും ഒറ്റപ്പെടുത്തുകയുമില്ല. എൻ്റെ ദൈവം വെളുത്തതും അവളുടെ ദൈവം കറുത്തതും ആയത് കൊണ്ട് സ്നേഹം ഇല്ലാതാവേമില്ല. അങ്ങേര് ഞങ്ങടെ കൂടെയുണ്ട്. അത് മാത്രം മതി."സണ്ണി ബേബിയോട് പറഞ്ഞു.
"എവിടെ വെച്ച് കെട്ട് നടത്തും?"ബേബി ചോദിച്ചു.
"എടാ എൻ്റെ വീട്ടിലും അവടെ അപ്പനും അമ്മയ്ക്കും സമ്മതമാണ്. ദൈവം തമ്പുരാനെ  മനസ്സിൽ ധ്യാനിച്ച് ഞാൻ അവരുടെ മുന്നിൽ വെച്ച് കെട്ടും." ധൈര്യത്തോടെയുള്ള സണ്ണിയുടെ സംസാരം കേട്ടപ്പോൾ ബേബിക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായി.
"അവന് പറയൻ്റെയും പെലയൻ്റെയും പള്ളീന്ന് മാത്രമേ ബന്ധം കിട്ടിയൊള്ളൂ... നാട്ടുകാരുടെയും പട്ടക്കാരുടെയും മുന്നിലുള്ള അന്തസ്സ് അപ്പാടെ കൊണ്ട് തൊലച്ചവൻ."


Related Articles