പരാപരം

കണ്ടമാനം ഗൂഗിൾ ചെയ്യുന്ന ഒരാളാണ് ഞാൻ.

പൊലീസിലായിരുന്നു; പ്രോബിങ് സ്വഭാവം അതുകൊണ്ടാവാം.

അയാൾക്ക്, ആ റിച്ചേഡ് ബ്രാൻസന്, എഴുതാനും വായിക്കുവാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രോഗം ഡിസ്‍ലെക്സിയ എന്ന അസുഖം ഉണ്ടായിരുന്നെന്നും നന്നാകാൻ വിഷമമുള്ള ഒരു ബാല്യം കടന്നാണ് വന്നതെന്നും ഞാൻ ഗൂഗിൾ ചെയ്തു മനസ്സിലാക്കി. നീ ഒരു ജയിൽപ്പുള്ളിയോ കോടീശ്വരനോ ആയിത്തീരാനുള്ള സാധ്യത കാണുന്നുവെന്നാണ് ബക്കിങ്ങാംഷെയറിലെ സ്‌കൂൾ പഠനകാലത്തിന്റെ അവസാനദിവസം ഹെഡ്മാസ്റ്റർ ബ്രാൻസനോട് പറഞ്ഞത്. ഒന്നു പാളിയാൽ ജയിലിലെത്തുമായിരുന്ന ചളിവരമ്പിലൂടെ കോടീശ്വരപദവിയിലേക്കാണ് അയാൾ നടന്നുകയറിയത്. പ്രതിനടപടിയിൽ ആരെയും വെല്ലുന്ന ആൾ.

ഒരു പ്രശ്നത്തിന് മൂന്നാണ് പോംവഴി. മൂന്നിൽ മെച്ചം ഏതെന്ന് നാമൊക്കെ പ്രശ്‍നംവെക്കാനിരിക്കുമ്പോഴേക്കും ഈ ബ്രാൻസനെപ്പോലെയുള്ളവർ അതെല്ലാം വകഞ്ഞെറിഞ്ഞ് നാലാമതൊരെണ്ണത്തിൽ പണി തുടങ്ങിക്കഴിഞ്ഞിരിക്കും. ന്യൂയോർക്കിലെ ജെഎഫ്കെ എയർപ്പോർട്ടിൽനിന്ന് ഇപ്പോൾ പറന്നുയർന്ന അയാളുടെ വെർജിൻ അറ്റ്ലാന്റിക്ക് എന്ന വിമാനത്തിലിരുന്നാണ് ഞാൻ ഇങ്ങനെയൊക്കെ ആലോചിച്ചത്.


Related Articles