പരാദം

അതി തീക്ഷ്ണമായ സമരമാണ് നടക്കാന്‍ പോവുന്നതെന്ന ഒറ്റ കാരണത്താലായിരുന്നു അജയന്‍ ചെങ്കൊടിയെടുക്കാനായി പാര്‍ട്ടി ആപ്പീസിന്റെ മാറാലകെട്ടിയ തട്ടിന്‍പുറത്തേക്ക് വലിഞ്ഞുകയറിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ആപ്പീസില്‍ ചെങ്കൊടിയ്ക്ക് കാര്യമായ പണികളൊന്നും തന്നെ ഇല്ലാഞ്ഞതിനാലാവാം മേല്‍ക്കമ്മറ്റി ഏകകണ്ഠേന ചെങ്കൊടിയെ മച്ചിലേക്ക് മാറ്റി പ്രതിഷ്ഠിക്കാന്‍ തീരുമാനമെടുത്തത്. അജയന് തട്ടിന്‍പുറത്ത് കാര്യമായ തെരച്ചില്‍ തന്നെ നടത്തേണ്ടിവന്നു ചെങ്കൊടി കണ്ടെത്താന്‍. ഒടുക്കം കിട്ടിയ കൊടി എടുത്തു നോക്കിയപ്പോഴോ കൊടിയപ്പാടെ പൂപ്പലു പിടിച്ചിരിക്കുന്നു. അജയനെത്ര തട്ടിയിട്ടും പൂപ്പല്‍ യാതൊരു കുലുക്കവുമില്ലാതെ ഒരു പുച്ഛഭാവവും പാസാക്കി കൊടിയില്‍ തന്നെ അള്ളിപ്പിടിച്ചിരിപ്പാണ്. താനെത്ര തട്ടിയിട്ടും കാര്യമില്ല എന്നു കണ്ട അജയന്‍ കൊടി നിവര്‍ത്താനൊരു ശ്രമം നടത്തിയെങ്കിലും ഏതാനും  മടക്കുകള്‍ സൃഷ്ടിച്ച് കൊടി പ്രണയിതാക്കളെപ്പോലെ പരസ്പരം പുണര്‍ന്നുതന്നെയിരുന്നു. ഒന്നുകൂടെ ആഞ്ഞുവലിച്ചാല്‍ കൊടി രണ്ടായി കൊണ്ടുപോവേണ്ടി വരും. അതു പാടില്ല. കൊടിയ്ക്കു വന്ന ഈ അപചയം മേല്‍ക്കമ്മറ്റിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമതി ബാക്കിയുള്ള കാര്യങ്ങളെന്ന് തീരുമാനിച്ചുറച്ച് പൂപ്പലു പിടിച്ച, മടക്കുനിവരാത്ത ചെങ്കൊടി അവിടെത്തന്നെ വെച്ച് അജയന്‍ തട്ടിന്‍പുറത്തുനിന്നും തലയില്‍ മാറാലകളെയും വഹിച്ചുകൊണ്ട് ഊര്‍ന്നിറങ്ങി.

നാലുനിലകളിലായി പട്ടണത്തിന്റെ കണ്ണായ സ്ഥലത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ആപ്പീസിന്റെ ഏറ്റവും മുകളിലായാണ് തട്ടിന്‍പുറമെന്നതിനാലാവണം ഏറ്റവും താഴത്തെ നിലയിലെ പ്രാദേശിക കമ്മറ്റി ഓഫീസിലെത്തിയപ്പോഴേക്കും അജയന്‍ പതിവില്‍ കവിഞ്ഞ് കിതയ്ക്കുകയും വിയര്‍ക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ആപ്പീസിലെത്തിയതും അവിടെ കസേരയില്‍ ഇരുന്നുറങ്ങുകയായിരുന്ന ഏരിയാ സെക്രട്ടറിയോട് കിതച്ചുകൊണ്ടു തന്നെ അജയന്‍ കാര്യം പറഞ്ഞു. പാതിമയക്കത്തിലായിരുന്ന സെക്രട്ടറി തന്നേക്കാള്‍ കനം തോന്നിക്കുന്ന കണ്ണുകള്‍ താല്‍പര്യം തീരെയില്ലാത്ത രീതിയില്‍ തുറന്ന് അജയനെ നോക്കി. അജയന്‍ വീണ്ടും കാര്യം പറഞ്ഞെങ്കിലും സെക്രട്ടറിയുടെ മുഖത്ത് ഉറക്കം നഷ്ടമായതിന്റേതൊഴിച്ച് മറ്റ് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. അജയന്‍ കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. 

''ഒരിച്ചിരെ പൂപ്പല് പറ്റിയതാണോ നിന്റെ പ്രശ്നം?" കിടിലനൊരു കോട്ടുവായുടെ അകമ്പടിയോടെയായിരുന്നു സെക്രട്ടറിയുടെ മറുചോദ്യം.  കോട്ടുവായുടെ സപ്പോര്‍ട്ട് കിട്ടിയതോടെ സെക്രട്ടറിയുടെ വായ്നാറ്റം അജയന്റെ മൂക്കിന്‍തുമ്പു വരെയെത്തി. 


Related Articles