പണ്ടു പണ്ടൊരിക്കൽ
ഒരു പെൺകുട്ടിയുണ്ടായിരുന്നു.
വളരുന്തോറും അവൾ
മുതിരാൻ കൊതിച്ചു.
ചിരട്ടയിൽ മണ്ണു നിറച്ചവൾ
ഉറുമ്പുകളെ ഊട്ടി.
അടുപ്പു കൂട്ടി, വീടുണ്ടാക്കി,
ടീച്ചറായി, അമ്മയായി.
സംഖ്യകൾ ഒരുമിച്ചു കാണുമ്പോൾ
അവൾക്ക് തലകറങ്ങി.
പരീക്ഷത്തലേന്ന് ഡോക്ടറുടെ മുറികൾ
കയറിയിറങ്ങി.
പതിനേഴു വയസ്സിൽ അവൾക്ക്
വിഷാദഛായയുള്ള
ഒരു വീട്ടമ്മയുടെ മുഖമായിരുന്നു.
പതിനെട്ടിൽ അവളൊരു
കുട്ടിയാവാൻ വെമ്പി.
