പകച്ചൂര്

Readers Ink

പകച്ചൂര്


“ശേവക്കട്ട് കഞ്ചാ മാതിരി.⁣
നീ അത്ക്ക് അടിപ്പെടാത്. പെട്ടാൽ ഒടമ്പില്ലെ.⁣
അറ്റമില്ലാത്ത ആകാശം മാത്രം.⁣
ഒരു വാട്ടി വിഴ്ന്താ കരയേറ മുടിയാത്.
പന്തയക്കാശ് പേക്കാശ്.
വായ് പേശാത വിലങ്ക്കളുടെയ(മിണ്ടാപ്രാണികളുടെ) സാപം. തലമുറയ്ക്കേ ഏസും.⁣
ഒരുനാളും ഗതിപിടിക്കാത്.”

അങ്കക്കോഴികളുടെ വീറുപോലെതന്നെ അപകടകരമാണ് അവറ്റകളുടെ യജമാനന്മാരുടെ മത്സരബുദ്ധിയും. ⁣പോർക്കളത്തിൽ തന്റെ അരുമയായ ശേവൽ ചത്തുവീഴുന്ന അന്നുമുതൽ അയാളുടെ ജീവിതത്തിൽ പുതിയൊരു ശത്രു കൂടി പിറവിയെടുക്കുകയാണ്. കളത്തിനകത്തും പുറത്തും തമ്മിൽത്തമ്മിൽ കലഹിച്ചും കൊന്നുതീർത്തുമാടുന്ന ഒട്ടനവധി കഥാപാത്രങ്ങളുടെ മാനസികവിചാരങ്ങളും വികാരങ്ങളുമാണ് മധുശങ്കർ മീനാക്ഷി എഴുതിയ പുള്ളിക്കറുപ്പൻ എന്ന നോവൽ.⁣ ശേവക്കെട്ടുകാരൻ വാറുണ്ണിയുടെ കൈയിൽനിന്നും നഷ്ടപ്പെട്ടുപോയ “പുള്ളിക്കറുപ്പൻ”എന്ന അങ്കക്കോഴിയുമായി അഘോരി തന്റെ വീട്ടിലെത്തിയതുമുതൽ അവൻ ഓസ്‌കർ എന്ന പേരിനുടമയായി. തുടർന്നയാളെ പിന്തുടർന്നെത്തുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പകയുടെയും പ്രണയത്തിന്റെയും പോരിന്റെയുമെല്ലാം ചൂടും ചൂരുമൊഴുക്കിക്കൊണ്ട് തീപിടിപ്പിക്കുന്ന അദ്ധ്യായങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുന്നേയുള്ള കാലത്ത് തമിഴ്നാട്ടിൽ നടക്കുന്ന ഇക്കഥയിൽ മിക്കയിടങ്ങളിലും സംഭാഷങ്ങൾ തമിഴ് വാമൊഴിയിൽ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് വായനയിൽ പുതുമയുള്ളൊരു സംഗതിയായി അനുഭവപ്പെട്ടു.⁣ മനുഷ്യർക്കൊപ്പം പന്തയക്കുതിരകളും അങ്കക്കോഴികളും വേട്ടപ്പട്ടികളും വിത്തുകാളകളും എരുമകളും രാക്ഷസനുറുമ്പുകളുമെല്ലാം പടിപടിയായി ഈ നോവലിലേക്ക് രംഗപ്രവേശം ചെയ്യുന്നുണ്ട്.⁣ നത്തുറുമാൽ എന്ന ശേവക്കട്ടുകാരൻ പുറംലോകത്തെയറിയിക്കാതെ തന്റെ തുറുപ്പായി വളർത്തിയെടുത്ത പുള്ളിക്കറുപ്പൻ ആദ്യം വാറുണ്ണിയുടെയും പിന്നീട് കൊല്ലൻ അഘോരിയുടെയും കൈകളിലേയ്ക്കെത്തുമ്പോൾ ആ അങ്കക്കോഴി കടന്നുപോയ വഴികളിലെല്ലാം എതിരാളികളായ പോരുകോഴികളുടെയും മനുഷ്യരുടെയും ചോര കലർന്നൊഴുകുന്നു. തീക്ഷ്ണമായ പകച്ചൂര് വായനക്കാരെ വിടാതെ പിന്തുടരുന്നു.


Related Articles