പടർച്ച

Readers Ink

പടർച്ച


നിൻ്റെ ചിരിയിൽ
ഉപവനങ്ങൾ പൂക്കുമെന്നും
അവയുടെ
അജ്ഞാത ഗന്ധം
എൻ്റെ കാർവിണ്ണിൽ പടരുമെന്നും മോഹിച്ചു.

നിൻ്റെ ചിരി
കാട്ടുതടാകം കാട്ടി പ്രലോഭിപ്പിക്കുമെന്നും
മിന്നാമിനുങ്ങുകൾ ദീപം താഴ്ത്തിയ ഗുഹയ്ക്കുള്ളിൽ
നമുക്കുള്ള അറയൊരുക്കുമെന്നും ഉറപ്പിച്ചു.
 നെഞ്ചുകൂട് തകരുന്ന ഓരോ ചിരിയൊച്ചയിലും
പൊട്ടിയൊലിച്ചത്
ഉപ്പുനീരിന്റെ ഉറവ.
ഇപ്പോൾ വിതുമ്പലായ് തീരുമെന്ന് പേടിപ്പിച്ച മട്ടിലൊരേങ്ങൽ.

അതു തുടരുകയാണ്
ചിരിച്ചുചിരിച്ചു മരിക്കുമെന്നോർമ്മിപ്പിച്ച്
നിഷ്കളങ്കതയിൽ 
ദുരിതത്തിന്റെ പങ്കായം വഹിച്ച്
ചിരിയോടമായി
മീനുകളുടെ നിശ്ശബ്ദതയിലേക്കും
ഒഴുകുന്ന ജലത്തിലേക്കും 
അലിഞ്ഞലിഞ്ഞ്
വ്യാപിച്ച്.


Related Articles