പ്രകൃതിയെ ഇത്രയധികം മനോഹരമായി ചിത്രീകരിച്ച മറ്റൊരു നോവൽ ഈ അടുത്തകാലത്തെങ്ങും മലയാളത്തിൽ വായിച്ചിട്ടില്ല. മഞ്ഞും കാറ്റും പേമാരിയും പെയ്തുതീരുമ്പോഴും ഉള്ളിൽ പെയ്തൊഴിയാത്ത വിക്ഷോഭങ്ങൾ വസൂരിവിത്തുകളായി അടയാളപ്പെടുത്തപ്പെട്ട പല മനുഷ്യജന്മങ്ങൾ അഭയം പ്രാപിച്ചെത്തിയ ഒരിടമാണ് ചെമ്പരുന്തരുവി.
അവിടെ, നിറംകെട്ടുപോയൊരു പാതിരി മലയായും, മടങ്ങിവരവ് കാത്തിരുന്ന് ചിറകുതളർന്നൊരു ചെമ്പരുന്ത് അരുവിയായും രൂപാന്തരപ്പെടുന്നു. ആ മിത്തുകളുടെ പശ്ചാത്തലത്തിൽ, ലോകം ഒറ്റപ്പെടുത്തിയവന്റെയും തിരസ്കരിച്ചവന്റെയും വേദനയുടെ വസൂരിവിത്തുകളെ പ്രത്യാശകൊണ്ട് ഈ നോവൽ സുഖപ്പെടുത്തുന്നു.
ആത്മാവ് നഷ്ടപ്പെട്ടിട്ടും ശരീരം ഉപേക്ഷിക്കാത്തവൾ. ചിത്രലേഖ. ബി.എ ലിറ്ററേച്ചറുകാരി. അവളിൽ തറച്ച മുള്ളുകൾ, അവളിൽ വീണ വസൂരിവിത്തുകൾ, അവളുടെ പ്രാർത്ഥനകൾ, അവളുടെ നിശ്വാസങ്ങൾ. ഏതോ പ്രത്യാശയിൽ പെണ്ണടയാളങ്ങൾ അഴിച്ചുവെച്ചവൾ. കുത്തിക്കുറിച്ച വരകൾ കൊണ്ട് തെറ്റിന്റെ ആപേക്ഷികത അളന്നുതിട്ടപ്പെടുത്തുന്ന, രാമച്ചത്തിന്റെയും ഇഞ്ഞിപ്പുല്ലിന്റെയും ഗന്ധമുള്ള ഒരുവൾ. അവളൊരു മരമായി വേരൂന്നി പടർന്നു പന്തലിച്ചു. അവൾക്കു കീഴിൽ ഒരായിരം പെൺകഥകളുടെ ദലചാർത്തുകൾ വിരിഞ്ഞു. മനുഷ്യരുടെയും മൃഗങ്ങളുടെയും നദിയുടെയും മലകളുടെയും കാറ്റിന്റെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും പകയുടെയും കഥകൾ.
