അവളറിയാതെ അവളെ
നിരീക്ഷിക്കുകയെന്നതായിരുന്നു
കുറച്ചുദിവസത്തെ അയാളുടെ പണി.
ചോറ് വാർക്കുമ്പോൾ
കൈവിരൽ പൊള്ളി
നീറ്റലകറ്റാൻ
വിരൽ ചുണ്ടിൽ തൊടുന്നതും
തുണിയലക്കി
കുടഞ്ഞുകളയുന്ന വെള്ളം
മുഖത്തേക്ക് തെറിക്കുമ്പോൾ
കണ്ണടച്ചുപോകുന്നതും
അകം അടിക്കുമ്പോൾ
പൊടി ശ്വസിച്ച്
തുമ്മാനാഞ്ഞ്
സ്തംഭിച്ചു നിൽക്കുന്നതും
എത്ര കഴുകിയാലും
വിട്ടുപോകാത്ത
കൈനഖങ്ങൾക്കിടയിലെ
വെളുത്തുള്ളി മണത്തിൽ കുടുങ്ങിനിൽക്കുന്നതും
അങ്ങനെ തന്റെ
ദുരിതപൂർണ്ണമായ ദിനങ്ങളെ
അവൾ എങ്ങനെ ഉന്തിനീക്കുന്നുവെന്ന്
സസൂക്ഷ്മം നിരീക്ഷിച്ച്
അവളുടെ ആപ്പിലായ
ജീവിതത്തെ വിഷയമാക്കി
അയാൾ ഒരു കവിത എഴുതും.
അയാൾക്കുള്ള ചോറ് വിളമ്പിക്കൊടുക്കുമ്പോൾ
അവളെക്കുറിച്ചെഴുതിയ ആ കവിത
അയാൾ അവളെ
ഉറക്കെ വായിച്ചുകേൾപ്പിക്കും.
