ആഗ്രഹങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. അതുപോലെ തന്നെ മനുഷ്യര്‍ക്ക് ഇല്ലാത്ത ആഗ്രഹങ്ങളുമില്ല. ചില ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവും. എന്നാല്‍ ചിലത് എത്ര ആഗ്രഹിച്ചാലും നടക്കുകയും ഇല്ല.
വളരെ കാലമായി വാങ്ങാൻ ആഗ്രഹിച്ചിരുന്ന ഒരു വസ്തു വളരെ യാദൃശ്ചികമായി ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ കാണാനിടയായ ഞാന്‍ മുന്‍പിന്‍ നോക്കാതെ പൈസ അടച്ചു ബുക്ക് ചെയ്തു. ഒരു നാലഞ്ച് ദിവസം കഴിഞ്ഞും "താങ്കളുടെ ഓര്‍ഡര്‍ കിട്ടി ബോധിച്ചു" എന്ന അവരുടെ മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ ചെറുതായൊന്ന് പകച്ചു. കാശ് പോയോ ദൈവമേ? ഏഴ് ദിവസങ്ങൾ പിന്നിട്ടിട്ടും അറിയിപ്പൊന്നും കിട്ടാതായപ്പോൾ, ഞാനും വളരെ നിസ്സാരമായി ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നു എന്ന തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടുവാൻ തുടങ്ങി. കാശ് പോയതിലുള്ള വിഷമത്തേക്കാളും ആഗ്രഹിച്ച സാധനം കിട്ടാതെ പോയ വിഷമമായിരുന്നു കൂടുതലും. എതാണ്ട് പത്തു ദിവസം കഴിഞ്ഞപ്പോള്‍ അതാ പെട്ടെന്നൊരു മെസ്സേജ്. ടിംഗ്. ഇതാ താങ്കളുടെ പാക്കറ്റ് പുറപ്പെട്ടിരിക്കുന്നു. ഒരു മൂന്നാലു ദിവസം കൊണ്ട് ഇവിടെ എത്തിച്ചേരുമെന്ന്. സാധനം പുറപ്പെടാൻ വൈകിയതിന് അവരുടെ ക്ഷമാപണവുമുണ്ട്. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം. പിന്നീടങ്ങോട്ട് അക്ഷമയോടെ തള്ളി നീക്കിയ കാത്തിരിപ്പിന്റെ ആ ദിവസങ്ങൾ. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട്, ആ സുദിനം വന്നെത്തി. പറഞ്ഞതു പോലെതന്നെ, രാവിലെ പാഴ്സല്‍ ഓഫീസില്‍ നിന്നും വിളിയെത്തി. വീട്ടിലേക്കുള്ള വഴി ചോദിച്ചു കൊണ്ടാണ് വിളി.
വീട്ടിലേക്കുള്ള വഴി തിരക്കിയുള്ള അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ കൊടുത്തു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ സംശയമായി, ഞാൻ ഭൂമിയില്‍ തന്നെയല്ലേ താമസമെന്ന്. ഓഫീസിലായതിനാൽ, ഇക്കാര്യം വീട്ടില്‍ പറയാനായി അമ്മയെ വിളിച്ചപ്പോള്‍ അമ്മ സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയിരിക്കുന്നു എന്നുള്ള മറുപടി. കൂടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സുമ ചേച്ചിയുമുണ്ട്. അവര്‍ എത്താൻ വൈകുമെന്ന് പറഞ്ഞതിനാല്‍ ഞാൻ അച്ഛനെ വിളിച്ചു നോക്കി. ഭാഗ്യം, അച്ഛൻ വീട്ടിലുണ്ട്. ഇനി വീട്ടില്‍ ആളില്ലാ, അടഞ്ഞു കിടക്കുകയായിരുന്നു എന്നൊക്കെയുള്ള ഉടായിപ്പ് കാരണങ്ങൾ പറഞ്ഞ് പാഴ്സല്‍ അവർ മടക്കി അയയ്ക്കില്ലല്ലോ.
