ഓർമ്മയ്ക്കും ഭാവനയ്ക്കുമിടയിൽ

Readers Ink

ഓർമ്മയ്ക്കും ഭാവനയ്ക്കുമിടയിൽ


ഓർമ്മയ്ക്കും ഭാവനയ്ക്കുമിടയിലെ അതിർവരമ്പുകളിലൂടെയുള്ള ഒരു നീണ്ട യാത്രയാണ് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' (Mother Mary Comes To Me) എന്ന പുസ്തകം. കേവലമൊരു ഓർമ്മകുറിപ്പ് എന്നതിലുപരി, ഒരു സാഹിത്യകാരിയുടെ ബോധമണ്ഡലം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ സങ്കീർണ്ണമായ ചരിത്രരേഖ തന്നെയാണ് ഈ പുസ്തകം. തന്റെ പ്രസിദ്ധമായ നോവൽ രൂപംകൊണ്ട വഴികളെയും അതിന് അടിത്തറയായ യാഥാർത്ഥ്യങ്ങളെയും അരുന്ധതി റോയി ഇതിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട് . സംഭവങ്ങളെ രേഖപ്പെടുത്തുക എന്നതിനേക്കാൾ താൻ കടന്നുവന്ന കാലത്തിന്റെ സാമൂഹികവും വൈകാരികവുമായ അടരുകളെ ഒരു ആർക്കിടെക്റ്റിന്റെ കൃത്യതയോടെ അപനിർമ്മിക്കാനാണ് അവരിവിടെ ശ്രമിച്ചിരിക്കുന്നത്.

മാതൃത്വത്തിന്റെ വാഴ്ത്തപ്പെട്ട ബിംബങ്ങളെ നിഷ്കരുണം ഉടച്ചെറിയുന്ന ആഖ്യാനമാണ് ഈ കൃതിയുടെ കാതൽ. മേരി റോയി എന്ന സ്ത്രീയെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ പോരാടിയ ഒരു വിമോചക എന്ന നിലയിൽ മാത്രമല്ല അരുന്ധതി റോയി അടയാളപ്പെടുത്തുന്നത്. ഒരു യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനി സമൂഹത്തിൽ ഒരു 'ഗ്യാങ്സ്റ്റർ' ആയി ജീവിച്ച അവരുടെ സങ്കീർണ്ണതകളെയും അരുന്ധതി വരച്ചുകാട്ടുന്നു. തന്റെ മകളെ കഴുത്തിലെ ഒരു 'തിരുകല്ല്' എന്ന് വിശേഷിപ്പിക്കുകയും നിരന്തരം മാനസികമായി മുറിവേൽപ്പിക്കുകയും ചെയ്ത അമ്മയുടെ ചിത്രം പുസ്തകം വായിച്ചു മടക്കിയാലും പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും പോകാൻ സാധ്യതയില്ല.

പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. 1969-ൽ ഒമ്പത് വയസ്സുകാരിയായിരിക്കെ വീട്ടിൽ ആദ്യമായി കറുത്ത ബേക്കലൈറ്റ് ഫോൺ വന്നപ്പോൾ കൗതുകം കൊണ്ട് അതിന്റെ ബട്ടണുകളിൽ അമർത്തിയതിന് അമ്മ തന്നെ 'ബിച്ച്' എന്ന് വിളിച്ച് അപമാനിച്ച സംഭവം അവർ ഓർത്തെടുക്കുന്നുണ്ട്. അതുപോലെ, അരുന്ധതിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഡീഡോ എന്ന വളർത്തുനായ ഒരു തെരുവുനായയുമായി ഇണചേർന്നതിന്റെ പേരിൽ അമ്മ അതിനെ വെടിവെപ്പിച്ചു കൊന്ന ദാരുണമായ അനുഭവവും ഗാർഹികമായ ഈ ഏകാധിപത്യത്തിന്റെ നേർചിത്രമാണ്. ഒരു 'കൾട്ട്' പോലെ പ്രവർത്തിച്ചിരുന്ന മേരി റോയിയുടെ ലോകത്ത് ശ്വാസംമുട്ടി ജീവിച്ച ബാല്യകാലം ഗ്രന്ഥകാരി അതീവ സൂക്ഷ്മതയോടെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്.


Related Articles