പഴയ ക്ലാസ്സ് ഗ്രൂപ്പിൽ നിന്ന്
സുഹൃത്ത് സന്ദേശമയച്ചു.
അഞ്ചാം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോ ഇട്ട്
ഓരോരുത്തരുടെയും പേര്
തെറ്റാതെ പറഞ്ഞതാണ് തുടക്കം.
"പക്ഷെ നിന്നെ മാത്രം എനിക്ക്
ഓർമ കിട്ടുന്നില്ല
നിനക്കാണെങ്കിൽ എല്ലാം ഓർമയുമുണ്ടല്ലോ"
എല്ലാവരും എന്നെ ഓർക്കാൻ ശ്രമിച്ച് തലകുടയുന്നു.
ആ ഓർമത്തെറ്റിൽ പിന്നെയും ഞാൻ ഒറ്റപ്പെടുന്നു.
"ഓർക്കാൻ വലിയ പണിയൊന്നുമില്ല
ഓരോ പേരിനു പിന്നിലും ഒരു ജന്മരഹസ്യമുണ്ട്
അത് കണ്ടുപിടിക്കാൻ പറ്റിയാൽ മതി
പിന്നെ ആരും മനസ്സിൽ നിന്ന് പോകില്ല."
ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു.
