എൺപതുകളിലെ കേരള രാഷ്ട്രീയ സാമൂഹ്യ ജീവിതമാണ് വിനോദ് കൃഷ്ണയുടെ ലീക്ക് 86 എന്ന നോവൽ അവതരിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ആഖ്യാന ഘടനയാണ് നോവലിന്റെ ആഴവും സൗന്ദര്യവും കൂട്ടുന്നത്. എടക്കാട് എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് പറയുന്നതെങ്കിലും അധികാരത്തിന്റെ പൊള്ളലേറ്റ മനുഷ്യരാശിയുടെ കഥയായിട്ട് വേണം ഇതിനെ വായിക്കാൻ.
മരണത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ, ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആഖ്യാനങ്ങൾ എന്നീ മൂന്ന് ഭാഗങ്ങളായാണ് നോവലിനെ പകുത്തിരിക്കുന്നത്. ആദ്യത്തെ സെഗ്മെന്റിൽ നറേറ്റർ ആരാണെന്നുള്ള ഉദ്ദേഗം വായനക്കാരിൽ സൃഷ്ടിക്കും വിധമാണ് ആഖ്യാനം. ഈ സെഗ്മെന്റിലെ നറേറ്റർ കേന്ദ്ര കഥാപാത്രം ആണെന്ന് തോന്നാം. ഈ കഥാപാത്രത്തിന്റെ ഇൻവിസിബിലിറ്റി ആണ് നോവലിസ്റ്റ് വായനക്കാരിൽ നിന്ന് ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യം.
നോവലിന്റെ രണ്ടാമത്തെ സെഗ്മെന്റിൽ ഇരകളാക്കപ്പെട്ട കുറേ മനുഷ്യരാണ് കഥ പറയുന്നത്. പക്ഷേ അവരാരും എടക്കാട് നിന്നല്ല കഥ പറയുന്നത്. എടക്കാട്ടിൽ നിന്ന് തങ്ങൾ എങ്ങനെ അപ്രത്യക്ഷരായി എന്ന യാഥാർത്ഥ്യം അവരുടെ കഥപറച്ചിലിലൂടെ വായനക്കാർക്ക് പിടികിട്ടുന്നു. മരിച്ചവരുടെ കഥപറച്ചിൽ ആണിത്.
