ഓർക്കുന്നുണ്ടോ?

Readers Ink

ഓർക്കുന്നുണ്ടോ?


ഓർക്കുന്നുണ്ടോ
ഒറ്റമുറി മാത്രമുള്ള വീട്ടിൽ
മയിലിന്റെ കരച്ചിൽ കേട്ടുറക്കമറ്റ്,
ഒരേ തീരത്ത്
ഉദയവും അസ്തമയവും കണ്ട്,
നമ്മുടെ ഉടലുകളിൽ
പണ്ടെങ്ങോ
തേനീച്ച കുത്തിനോവിച്ച പാടുകൾ
തിരഞ്ഞുപോയത്?

ഓർക്കുന്നുണ്ടോ
സമയത്തിന്റെ സൂചിയിൽ
നൂലുകോർത്ത്
അറ്റത്ത് കെട്ടിടാതെ
തുന്നാൻ തുനിഞ്ഞ
നമ്മുടെ ദിനാന്ത്യകീറലുകളെ?

ഓർക്കുന്നുണ്ടോ
തൊട്ടാവാടികൾ നിറഞ്ഞ
റബ്ബർകാട്ടിലൂടെ  
മുള്ളുകൊണ്ടതിന്റെ നോവറിയാതെ
നീയെന്നെ നടക്കാൻ പഠിപ്പിച്ചത്?

വറ്റാറായ തോട്ടിലെ
കലക്കവെള്ളത്തിൽ ശേഷിച്ച
പരൽമീനിന്റെ
അവസാന ഓർമ്മകൾ പോലെ
നമ്മളിതൊക്കെ
ഓർത്താലെന്ത്,
മറന്നാലെന്ത്?


Related Articles