ഓപ്പറേഷൻ മോസസ്

Readers Ink

ഓപ്പറേഷൻ മോസസ്


അന്ന് ഏതാണ്ട് പത്ത് മിനിറ്റോളം വൈകിയാണ് ഒബിനോ കാറ്ററിങ്ങ് കേന്ദ്രത്തിലെത്തിയത്. പ്രത്യേകിച്ച് പുതിയ ഓർഡറുകളൊന്നുമില്ല. കഴിഞ്ഞ ദിവസത്തെ വിവാഹപാർട്ടിയുടെ കണക്കുകളൊക്കെ ശരിയാക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും ചെലവുകളും കൊടുക്കേണ്ടത് ഒബിനോയാണ്. റോഡിൽ അപ്രതീക്ഷിതമായുണ്ടായ മറ്റ് രണ്ട് വാഹനങ്ങളുടെ കൂട്ടിയിടിക്കൽ കാരണമാണ് വൈകിയത്.

പക്ഷേ, മാനേജർ കാരണമൊന്നും ചോദിച്ചില്ല. പത്ത് മിനിറ്റിന് അര ദിവസത്തെ ശമ്പളം കുറക്കുമെന്ന താക്കീത് മാത്രമല്ല ഹയ്മൊനാത്തീ എന്ന് വിളിച്ചുള്ള വഴക്കും ഒബിനോയെ മുറിപ്പെടുത്തി.

ഇനി വൈകിയാൽ പിരിച്ചുവിടുമെന്ന താക്കീത് ഒട്ടും നേർമയില്ലാതെ അയാളുടെ കാതിൽ പതിച്ചു. മാനേജർ അയാളോട് കയർക്കാൻ കാരണങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

"ശാലോം"കാണുമ്പോൾ മാനേജരോട് അങ്ങനെ പറയാറുണ്ടെങ്കിലും മറുപടിയൊന്നും കിട്ടാറില്ല. മാനേജർ മാത്രമല്ല, അവിടുത്തെ ആരും തന്റെ ശാലോമിന് മറുപടി പറയാറില്ലെന്ന് ഒബിനോ കുറച്ചുനാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു.


Related Articles