നിഴലക്ഷരങ്ങള്‍

Readers Ink

നിഴലക്ഷരങ്ങള്‍


വളരെ യാദൃശ്ചികമായ ഒരു കണ്ടുമുട്ടൽ ആയിരുന്നു അത്. അതിനു മുൻപും പലപ്പോഴായി അതേ വണ്ടിയിൽ അതേ സ്റ്റേഷൻ കടന്ന് പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പെട്ടിക്കട കണ്ണിൽപെട്ടിട്ടില്ല എന്നതാണ് സത്യം. അല്ലെങ്കിലും കണ്ണിൽ പെടാനുള്ളത്ര വലിപ്പം അതിനില്ലായിരുന്നു എന്ന് പറയണം. സ്റ്റേഷന്റെ ഒരു മൂലയിലൊതുങ്ങി ആരെയും പ്രതീക്ഷിക്കാനില്ലാത്തത് പോലെ, അയയിൽ വിരിച്ചിട്ടിരിക്കുന്ന തുണികളെ ഓർമിപ്പിക്കും വണ്ണം തൂങ്ങിയാടുന്ന കുറച്ച് മാഗസിനുകളും, അതിനകത്ത് അവയുടെ മണം തരുന്ന ആനന്ദം ശ്വസിച്ച് അവയ്ക്ക് കാവലിരിക്കുന്ന അയാളും. ആ പുസ്തകങ്ങൾക്ക് അയാൾ കാവലിരിക്കുകയാണോ അയാൾക്ക് അവ കാവലിരിക്കുകയാണോ എന്നും തോന്നാതിരുന്നിട്ടില്ല.

ആഴ്ചയിലൊരിക്കൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കുള്ള എന്റെ യാത്ര ലോക്കൽ ട്രെയിനിലായിരുന്നു. പ്രതാപികളായ മറ്റു ട്രെയിനുകൾക്ക് വഴിമാറി കൊടുക്കാൻ വിധിക്കപ്പെട്ട ലോക്കൽ ട്രെയിനിലുള്ള ഈ കാത്തിരിപ്പ് പലപ്പോഴും എന്റെ യാത്രകളെ ദുസ്സഹമാക്കുകയും ചെയ്തിരുന്നു.

അന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ സോഷ്യൽ മീഡിയയുടെ സാധ്യതകൾ തിരയുകയായിരുന്നു. നാട്ടിൻപുറങ്ങളിൽ ഇന്റർനെറ്റ് സജീവമാകുന്നതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെപ്പോലുള്ള കോളേജ് വിദ്യാർത്ഥികൾക്ക് മുന്‍പില്‍ ഫേസ്ബുക്കും വാട്സ്പ്പുമായി പുതിയൊരു വിർച്വല്‍ ലോകം പതിയെ വാതില്‍ തുറന്ന് വരുന്ന സമയം. വളരെ വിരളമായി മാത്രം ഇന്റർനെറ്റ് റീചാർജ് ചെയ്യുന്ന ഞാൻ അന്നും ട്രെയിനിലിരുന്ന് സമയം കൊല്ലണം. വണ്ടിക്ക് ജീവൻ വെക്കാൻ ഇനിയും നേരം ഒരുപാടുണ്ട്. അങ്ങനെയാണ് സ്റ്റേഷൻ ചുറ്റിക്കാണാനുള്ള ഉദ്യമം ഞാൻ ഏറ്റെടുക്കുന്നതും ഈ പെട്ടിക്കടയിലെത്തുന്നതും. 


Related Articles