രാവും പകലും എന്ന വ്യത്യാസമില്ലാതെ, ചെറുപ്പം മുതലേ ഇരുട്ട് ഗോപനെ ഒരു ഭ്രാന്തൻ ചിന്തപോലെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഇരുൾ മൂടിയ ഒറ്റപ്പെട്ട ഏത് സ്ഥലത്തും നിറം മങ്ങിയ നിഴൽരൂപങ്ങൾ അയാളെ ഭയപ്പെടുത്തി പിന്തുടർന്നു. പലപ്പോഴും ഭയം കാരണം മനസ്സിന്റെ താളം തെറ്റാറായപ്പോഴും, അമ്മ മാലിനിയുടെ സ്നേഹത്തോടെയുള്ള ചേർത്തുപിടിക്കൽ മാത്രമാണ് അയാളെ ഒരു പരിധിവരെ അതിൽനിന്നെല്ലാം സംരക്ഷിച്ചത്.
ഒടിയനും കുട്ടിച്ചാത്തനും പേരുകേട്ട, നിഗൂഢതകൾ നിറഞ്ഞ ചേലക്കരയിലെ ഉൾനാടൻ ഗ്രാമമായ കിള്ളിമംഗലത്തായിരുന്നു അവന്റെ ജനനവും വളർച്ചയും. അവിടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ മുതൽ, കാഴ്ചമങ്ങി ഇരുൾ നിറഞ്ഞ ലോകത്ത് മരണവും കാത്ത് കഴിയുന്ന വൃദ്ധരുടെ കണ്ണുകളിൽ പോലും ഭയത്തിന്റെ നേർത്ത നിഴൽ പ്രകടമായിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് ഒടിവിദ്യയിൽ അഗ്രഗണ്യരായ ചില മനുഷ്യർ രാത്രിയുടെ മറവിൽ ആ നാട്ടിലെയും മറുനാട്ടിലെയും ആളുകളെ ഭയപ്പെടുത്തി കൊന്നിരുന്നുവെന്ന് പഴമക്കാർ പറഞ്ഞുകേട്ട കഥകൾ, ഗോപന്റെ ഭയത്തിന് ഒരു മിഥ്യാബോധത്തിന്റെ ഇരുൾകൂടി നൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ ആ പഴയ ഒടിയന്മാരുടെ പിൻതലമുറക്കാർ പിന്നീട് തിറയും കരിങ്കാളിയും കെട്ടിയാടി ജീവിതമാർഗം കണ്ടെത്തിയപ്പോഴും, ഗോപന്റെയുള്ളിൽ ആ ഭയം വേരൂന്നിയൊരു അരയാൽ വൃക്ഷം പോലെ വളർന്നു പന്തലിച്ചു.
കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശിയും വീട്ടിലെ മുതിർന്നവരും പൊടിപ്പും തൊങ്ങലും ചേർത്തു പറഞ്ഞ അത്തരം നാട്ടുകഥകളാണ് ഗോപന് ഇരുട്ടിനോട് അത്രയേറെ ഭയമുണ്ടാക്കിയത്. രാത്രിയിലെ മങ്ങിയ നിലാവെളിച്ചത്തിൽ നിഴൽരൂപങ്ങൾ തെന്നിമാറുന്നതായും പിൻതുടരുന്നതായും അയാൾക്ക് പലപ്പോഴും തോന്നിയിരുന്നു. ചിലപ്പോൾ അത് ഒരു കരിമ്പൂച്ചയുടെ രൂപത്തിലാകാം, മറ്റു ചിലപ്പോൾ ഉയരംകൂടിയ, മുഖമില്ലാത്ത മനുഷ്യരുടെ രൂപത്തിലാകാം. ഈ ഭീതി അവനെ ഉറക്കം കെടുത്തുകയും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ അതവനെ തളച്ചിടുകയും ചെയ്തു. ഇരുളിടങ്ങളിൽ നിഴൽരൂപങ്ങൾ പിൻതുടരുന്നതാണ് തന്റെ ഭയത്തിന് പ്രധാന കാരണമെന്ന് അമ്മ മാലിനിയോട് അയാൾ തുടരെ തുടരെ പറഞ്ഞുകൊണ്ടേയിരുന്നു.
