"യാ അല്ലാഹ്..."
നെഹ്‌നാന്റെ കാലിലേക്ക് തുളച്ചുകയറിയ കുപ്പിച്ചീള് വലിച്ചൂരുമ്പോൾ പരിഭ്രമവും തിടുക്കവും കൊണ്ട് ഞാൻ റബ്ബിനെ വിളിച്ചു.
പണ്ടെങ്ങോ തളിർത്തുനിന്നൊരു ഒലിവ് മരത്തിന്റെ ചോട്ടിൽ അവനെയും ചേർത്തുപിടിച്ചിരിക്കുമ്പോൾ എന്റെ കണ്ണുകൾ കുറച്ചപ്പുറം ഞങ്ങൾക്കുവേണ്ടി കാത്തുനിൽക്കുന്ന ഉമ്മുനിദാലിലും കൂട്ടരിലുമായിരുന്നു. അബായയുടെ കീശയിലെ പഴന്തുണിക്കഷ്ണം കൊണ്ട് മുറിവിലെ ചോരയൊപ്പുമ്പോൾ അവന്റെ പച്ചയും ചുവപ്പും ചായം വിതറിയ കാലുറകളും പൂച്ചക്കണ്ണുകളും മുന്നോട്ട് തള്ളിനിൽക്കുന്ന മനോഹരമായ മഞ്ഞഷൂസും ഓർത്തെനിക്ക് നെഞ്ചുവിങ്ങി.
പലായനത്തിന്റെ ആദ്യരാവിൽ എൽ റിഫായിലെ ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്ത് തകർന്ന കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്ന നെഹ്നാന്റെ ഷൂസും സൈറയുടെ ചെമ്പൻമുടിയുള്ള ചുവന്ന ഉടുപ്പിട്ട വലിയ കളിപ്പാവയും ബോംബിങ്ങിന്റെ കനത്ത തീ വെളിച്ചത്തിൽ ഞാനൊരു വട്ടം കണ്ടതാണ്. തുടുത്ത കവിളുകളുള്ള പാവയുടെ വലംകണ്ണ് തകർന്നിരുന്നു.
