ആ ഗ്രാമത്തിന്റെ സ്വയസിദ്ധമായ വളരെ മൗനത നിറഞ്ഞ അന്തരീക്ഷം എന്നത്തെയും പോലെ ഇന്നും ഉണ്ടായിരുന്നു. ഒരു മനുഷ്യന് പതിവ് തെറ്റിക്കാതെ രാവിലെതന്നെ ഒരു നീളന്‍ വടിയുമായി പറമ്പുകള്‍ കേന്ദ്രികരിച്ചുകൊണ്ടുള്ള സഞ്ചാരം ആരംഭിച്ചിട്ടുണ്ട്. മോനി എന്നാണ് അയാളെ എല്ലാരും വിളിക്കുക. ആള് സ്വല്പം പിരി പോയതാണ് എന്നാണ് പരക്കെയുള്ള സംസാരം. ഞാനും കുറെ കേട്ടിട്ടുണ്ട് അങ്ങേരെപറ്റി. പാറമുക്കിലെ ഓരോ വീടും, പറമ്പും, കൈയാലകളും, മതിലുകളും ഒക്കെ അയാള്‍ക്ക് കാണാപ്പാഠമാണ്. എന്തിന് പാറമുക്കിന് മുകളിലൂടെ പറക്കുന്ന പക്ഷികള്‍ക്കും അലഞ്ഞു തിരിയുന്ന നായകള്‍ക്ക് വരെ അയാളോട് പ്രത്യേക പരിചയമായിരുന്നു.
രാവിലെ മുതല്‍ വൈകുവോളം വല്ലവന്റെയും പറമ്പിലെ പാക്കും ജാതിയും എന്നിങ്ങനെ ആദായം ഉണ്ടാക്കാന്‍ പറ്റുന്ന എന്തും പെറുക്കി കൊടുക്കുന്നതാണ് അയാളുടെ പ്രധാന വരുമാന സ്രോതസ്സ്. സ്വാഭാവികമായി നാട്ടുകാരുടെയും വീട്ടുകാരുടെമെല്ലാം ചീത്തവിളി ദിനംതോറും അയാള്‍ക്ക് കിട്ടുമായിരുന്നു. ചിലര്‍ രണ്ടെണ്ണം കൈവീശി കൊടുക്കുകയും ചെയ്യും. എന്നാലും മോനി അയാളുടെ ഈ 'പെറുക്കല്‍ ജോലി' നിര്‍ത്തിയിട്ടില്ല. എന്തിനാണ് ഒരു മനുഷ്യന് എത്ര ദരിദ്രനായാലും ഇങ്ങനെ വല്ലവന്റെ ആട്ടുംതുപ്പും ശാപവാക്കും കേട്ടുകൊണ്ട് ജീവിക്കുന്നത് എന്ന ചിന്ത വലിയതോതില്‍ എന്നെ അലട്ടി. അതിലും ഭേദം ഭിക്ഷ യാചിക്കുന്നതാണ്. അതിലും ഒരു അന്തസ്സുണ്ട്. നിസ്സഹായത ഉപഹാരമായി തരുന്ന ഒരു അന്തസ്സ്.
അതിലുമുപരി ഈ പലവ്യഞ്ജന സാമഗ്രികള്‍ പെറുക്കി വില്‍ക്കുന്നത് എത്രകണ്ട് വരുമാനമയാള്ക്ക് നല്‍കുമെന്നതും സംശയാസ്പദമാണ്. അയാളുടെ നല്ല പ്രായത്തിലാണ് ഇത് ചെയ്യുന്നതെന്നും ഓര്‍ക്കണം., പതുക്കെ പതുക്കെ നാട്ടുകാര്‍ അയാളെ ശ്രദ്ധിക്കാതായതോടെ മോനിയെ പറ്റിയുള്ള പരക്കെയുള്ള പരിഹാസ്യ സംസാരം ഏറെ കുറഞ്ഞു. മോനി കാണിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എന്തും പാറമുക്കിലുള്ളവര്ക്കെല്ലാം അപ്രധാനമായി.
