മഴവില്ലുകൾ കൊണ്ട്
ചുവരുകൾ തേച്ച ഈ വീട്
നമ്മുടേതാണ്
ഇതിലെ നിറങ്ങളെ പിരിക്കേണ്ടതില്ല
വയലറ്റ്, ഇൻഡിഗോ, ബ്ലൂ…
ഓരോ നിറത്തിനും
ചരിത്രത്തിൻ്റെ വേരാഴമുണ്ട്
ഒരു പറവയെ അത് തുന്നുന്നു,
വിശപ്പിൻ്റെ നിറത്തെയും.
ഒരു നിറവും അടരുന്നില്ല
ചില നിറങ്ങൾക്ക്
മറ്റു നിറങ്ങളുടെ ഉള്ള് കൈവരുന്നു
മനുഷ്യരുടെ കൈക്കുമ്പിളിൽ
മനുഷ്യർക്കുള്ള
സ്‌നേഹത്തിൻ്റെ കരുതൽ പോലെ.
മഴവില്ലുകൾകൊണ്ട്
ചുവരുകൾ തേച്ച ഈ വീട്
സ്വപ്നങ്ങൾ കൂടി പതിച്ചതാണ്
അതുകൊണ്ടാണ് അവയെ
ഇടയ്ക്കിടയ്ക്ക്
ആകാശത്ത് കാണുന്നത്.
Summary: Nirangalude Veedu, poem by Vinod V R
