വാസന്ധി ഉറക്കമുണർന്നു. കണ്ണുകൾ ചിമ്മി ആശങ്കയോടെ തഴപ്പായയിൽ ഏറെ നേരം അതേപടി ഇരുന്നു. തലേന്ന് പെയ്ത മഴ ചാണകം മെഴുകിയ തറയിൽ ഈർപ്പം പടർത്തിയിരിക്കുന്നു. അതേ മുറിയിൽ തന്നെയാണ് അച്ഛനും അമ്മയും ഉറങ്ങുന്നത്. പ്രായമേറെയായെങ്കിലും ഒരുമിച്ച് ഒരു പായയിൽ തന്നെയാണ് ഇപ്പോഴും രണ്ടാളുടെയും കിടപ്പ്. തനിക്ക് ഓർമ്മവെച്ച നാൾ മുതൽ കാണുന്നതാണ് ഇരുവരുടെയും സ്നേഹം. അന്നും ഇന്നും അതിനൊരു കുറവ് വന്നിട്ടില്ല. എന്നും എപ്പോഴും അവർ ലോഹ്യത്തിൽ തന്നെ. വാർദ്ധക്യം ഏറെ തളർത്തിയെങ്കിലും ഇന്നും അമ്മയെ ഏറെ കരുതലോടെ കാക്കുന്ന മനസ്സ് അച്ഛനുണ്ട്. മാതൃകാദാമ്പതിമാർ. അങ്ങനെയാണ് രണ്ടാളും നാട്ടുമ്പുറത്തു അറിയപ്പെടുന്നത്. ഇപ്പോൾ രണ്ട് പേർക്കും സുഖമില്ല. അച്ഛൻ മുറിയിൽ വേച്ചുവേച്ച് മെല്ലെ ഉലാത്തുക പതിവാണ്. പറമ്പിൽ പണിയെടുത്ത ആ ഉശിരും ഊർജവും ഇന്നുമുണ്ട്. വാർദ്ധക്യം ആ ഉശിരിനും ഊർജ്ജത്തിനും മങ്ങലേല്പിച്ചു എന്നുമാത്രം. എങ്കിലും പ്രാഥമികകൃത്യങ്ങൾ സ്വയം ചെയ്യാനുള്ള പാങ്ങുണ്ട്.
അച്ഛന്റെ കൈ അമ്മയുടെ തോളോട് ചേർന്നുതന്നെ ഇരിക്കുന്നു. രണ്ട് പേരും ഉണർന്നിട്ടില്ല. ഓല മേഞ്ഞ മുറിയാകെ തലേന്ന് പെയ്ത മഴയിൽ ചോർന്നൊലിച്ചു കിടക്കുന്നു. ഗോപാലനെ വിളിച്ച് ഓല മേയാൻ അമ്മ രണ്ടാഴ്ച മുൻപേ പറഞ്ഞതാണ്. കൈയിൽ ഉറുപ്പികയില്ലാതെ അയാൾ വരില്ല. "വാസന്ത്യേ, അവളും കുഞ്ഞുങ്ങളും പണിക്ക് പോയിട്ട് ഒന്നും കിട്ടില്യേ എന്ന് ചോദിച്ചാൽ എന്താ പറയാ, നീയെ തച്ചു തരാൻ എടുത്തു വെച്ചിട്ട് എന്നെ വിളിച്ചാൽ മതി." ഗോപാലൻ അണ്ണന്റെ അവസാന വാക്ക്. അമ്മയ്ക്ക് എല്ലാം അറിയാമെങ്കിലും മഴ വരും മുൻപ് പുര ഓല മേഞ്ഞു കാണാൻ ആഗ്രഹിച്ചു കാണും പാവം. രണ്ട് പൂച്ചകൾ ഉണ്ട്. അവറ്റകൾ മഴകൊണ്ട് തണുത്തുവിറച്ച് അടുപ്പിന്റെ മൂട്ടിൽ ചുരുണ്ടുകൂടിക്കിടക്കുന്നു. ഭാഗ്യം. അടുപ്പിൻ ചോട്ടിൽ മാത്രം നനവില്ല.
