ഇന്ന് കൂടി മണ്ണ് വെട്ടി കോരി കളഞ്ഞാൽ നാളെ മുതൽ വാനത്തിൽ കല്ല് അടുക്കി തുടങ്ങാം. ഒരാൾക്കുള്ള പണിയേ ഉള്ളു എന്ന് പറഞ്ഞു കൂടെയുള്ള ആള് ഉഴപ്പി. കയ്യിലാണെങ്കിൽ അഞ്ചു പൈസ ഇല്ല, വൈകിട്ട് ഒരു ചെറുത് അടിക്കണമെങ്കിൽ ഇന്ന് വല്ലോം കിട്ടണം, അല്ലെങ്കിൽ ഞാനും മടിച്ചേനെ. ഉച്ചകൊണ്ട് പണി തീർത്തു ഉള്ളത് മേടിച്ചു കൊണ്ട് പോകാം എന്ന് കരുതി മണ്ണിലേക്ക് തന്റെ കയ്യിലുള്ള പിക്കാസ് കൊണ്ട് ആഞ്ഞു വെട്ടി.
അയാൾ ഒന്ന് ഞെട്ടി, ഏതോ ലോഹത്തിൽ കൊള്ളുന്ന ശബ്ദം അല്ലേ, ഒന്ന് കൂടി വെട്ടി, അത് തന്നെ.....
പതുക്കെ കൈ കൊണ്ട് മണ്ണ് മാറ്റിക്കൊണ്ടിരുന്നപ്പോൾ പുറകിൽ ഒരു അനക്കം, രഘു ചേട്ടൻ ആണ്, ചൂട് വെള്ളവും കൊണ്ട് വന്നതാണ്. ഉടമസ്ഥൻ, പട്ടാളത്തിൽ ആണ് ജോലി. സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല, അതുകൊണ്ട് കെട്ടിയോൾ പരമാവധി ഇങ്ങോട്ട് വിടാറില്ല.
