ഇന്നലെ പെയ്ത മഴയുടെ ബാക്കിയെന്നപോലെ വീശിയടിക്കുന്ന കാറ്റിൽ കരീം ഇക്കാന്റെ കാലൻകുട പറന്നു പോകുമെന്ന് തോന്നി.. മുണ്ടും കൂടെ പറന്നു പോകുമെന്ന് തോന്നിയപ്പോൾ മൂപ്പര് അതുംകൂടി മുറുകെ പിടിച്ചു ആഞ്ഞു നടന്നു. ദൂരെ നിന്നേ കാണാം പാത്തൂന്റെ ബേജാറായി ഉള്ള നിൽപ്പ്. ബസ് കേറിയപ്പോ വിളിച്ചതാണ്, പിന്നെ നോക്കിയപ്പോ ഫോൺ ചാർജ് കഴിഞ്ഞു അതു ഓഫ് ആയി പോയി.. കോലായിൽ കേറിയപ്പോഴേക്കും പരാതിയുടെ കെട്ട് അഴിക്കാനവള് തുടങ്ങിയപ്പോയേക്കും മേല് കഴുകി വരുന്നു എന്ന് പറഞ്ഞു കുളിമുറിയിലേക്ക് കേറി.. അതൊരു രക്ഷപെടലായിരുന്നു. അവൾ ചോദിക്കാൻ പോകുന്നത് എന്താണെന്ന് അറിയാം.
ഓപ്പറേഷനുള്ള പൈസ ശരിയാക്കാൻ ഒരു കൂട്ടുകാരനെ കാണാന് വേണ്ടി ഇന്നലെ വയനാട് വരെ പോയതാണ്. അതു കിട്ടിയോ എന്നാണ് അവൾക്കറിയേണ്ടത്. ഗൾഫിൽ കൂടെ ജോലി ചെയ്തു, ഒരു റൂമിൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ജീവിച്ചവരായിരുന്നു ഞാനും മജീദും. അവന് ഒരു മകൻ.. നന്നായി പഠിക്കുന്ന മോനെ പഠിപ്പിച്ചു ഒരു ഡോക്ടറാക്കാൻ ആയിരുന്നു അവന്റെ മോഹം. പൊരിവെയിലത്തു കൺസ്ട്രക്ഷൻ കമ്പനിയിലെ പണി ചെയ്യുമ്പോഴും ഞങ്ങൾക്ക് മുൻപിൽ നാട്ടിലെ മക്കളുടെ മുഖം ആയിരുന്നു. അവന് മോനെ പഠിപ്പിക്കാൻ ആയിരുന്നെങ്കിൽ എനിക്ക് കെട്ടിച്ചു വിടാൻ 3 പെണ്മക്കൾ ആയിരുന്നു. സലാമിന് ഫീസ് കൊടുക്കാൻ ചിലപ്പോഴൊക്കെ അവൻ കഷ്ടപെടുന്നെ കാണുമ്പൊൾ എന്നെക്കൊണ്ട് കഴിയുംപോലെ ഞാനും കൊടുക്കുമായിരുന്നു. സ്നേഹത്തോടെ അവൻ അത് നിരസിക്കുമ്പോൾ ഞാൻ പറയും, പടച്ചോൻ എനിക്ക് ഒരു മോനെ തന്നില്ലല്ലോ.. നിന്റെ മോൻ എന്റെ മോനെ പോലെ അല്ലെടാ എന്ന്...
ഇന്ന് അവൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ്.. ഓരോന്നും ഓർത്തു കുളിമുറിയിൽ നിന്നിറങ്ങി. പുറത്ത് പാത്തൂന്റെ വിളി തുടങ്ങി, അവളെ നോക്കാൻ എന്തോ ഒരു മടി. അവൾ പറഞ്ഞതാ ആരേം ബുദ്ധിമുട്ടിക്കേണ്ടന്ന്. ഈ വീടും 5 സെന്റ് പുരയിടം ആണ് ആകെയുള്ള സമ്പാദ്യം. അതിൽ കൊത്തിയും കിളച്ചും ആടിനേം പശൂനേം പോറ്റിയുമാണ് ഞങ്ങൾ രണ്ട് ജന്മങ്ങൾ ജീവിച്ചു പോകുന്നത്.
