നീർച്ചുഴി

Readers Ink

നീർച്ചുഴി


തനിക്കെന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് സ്വയം തോന്നിത്തുടങ്ങി,
മറ്റാരെങ്കിലുമത് കണ്ടുപിടിക്കുമെന്ന് ഭയന്നു,
സ്വയമത് ഒളിച്ചു വയ്ക്കാൻ ശ്രമിച്ചു.
കാണുന്നതിലെല്ലാം കാണാത്തതെന്തോ തേടുകയായിരുന്നയാൾ.
ഓഫീസിലുള്ള ജോൺകുരുവിളയാണ് അയാളോടൊരു ഡോക്ട്ടറെ കാണാൻ പറഞ്ഞതും കൂട്ടികൊണ്ട് പോയതും.
അവരെ രണ്ടുപേരെയും കണ്ടപ്പോൾ ജോണേട്ടൻ ഇരിക്കെന്നും ഇതാണോ പറഞ്ഞ ആളെന്നും വിജയൻപിള്ളയോട് ഡോക്ടർ ചോദിക്കുന്നത് കേട്ടപ്പോഴാണ് എന്നെപ്പോലെ എന്തോ കുഴപ്പം ഡോക്ടർക്കും ഉണ്ടെന്ന് അയാൾക്ക് തോന്നിയത്. പിന്നീട് കുറെ ചിത്രങ്ങൾ കാണിച്ച് ഇതൊക്കെ എന്താണെന്ന് ചോദിച്ചപ്പോൾ അതുറപ്പായി.
ചിത്രങ്ങളില്‍ കണ്ട കാര്യങ്ങൾ അയാൾ കൃത്യമായി പറഞ്ഞു. പേപിടിച്ച് വായ് പിളർന്ന നായ, ചുറ്റുപിണഞ്ഞ സർപ്പക്കുഞ്ഞുങ്ങൾ തുണിയില്ലാത്ത പെണ്ണുങ്ങൾ. ഡോക്ടറുടെ മുറിക്കുള്ളിലെ ചുമരുകളിലുണ്ടായിരുന്നതും ഇത്തരം ചിത്രങ്ങളായിരുന്നു.
അയാളുടെ ഉത്തരങ്ങൾ കേട്ടു ഡോക്ടർ ചില മരുന്നുകൾ കുറിച്ചുകൊടുത്തു.
അയാളത് വാങ്ങുകയും വീട്ടിലേക്ക് പോകുന്ന വഴിയിലെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു.

അന്നുരാത്രിയിലാണ് കിടക്കമുറിയിലെ ചുമരിലൊട്ടിച്ചിരുന്ന ചിത്രങ്ങളും തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി അയാളതെല്ലാം കീറിക്കളഞ്ഞത്. വലിച്ചിളക്കിയ ചിത്രങ്ങളോടൊപ്പം ചുമരിലെ കുമ്മായമടർന്ന് പുതിയ ചിത്രങ്ങളുണ്ടായി. സമുദ്രവും, പക്ഷികളുമൊക്കെ അയാളതിൽ കണ്ടു.
'ഇതുപോലെ ഒച്ചയുള്ള ചിത്രങ്ങളാണ് വേണ്ടത്.' കമലയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും അയാൾ പിറുപിറുത്തു. ഇടയ്ക്കിടെ ഉണർന്ന് പക്ഷികൾ അവിടെ ഉണ്ടെന്നുറപ്പ് വരുത്തി. നമ്മൾ കടൽക്കരയിലാണ് കിടക്കുന്നതെന്നും തിരമാലകളുടെ ഒച്ച നീ കേൾക്കുന്നില്ലേയെന്നും അവളുടെ കാതുകളിൽ പിറുപിറുത്തു.
അയാളുടെ പുതിയ ശീലങ്ങൾ അവളെ അസ്വസ്ഥയാക്കിയെങ്കിലും രാത്രിഭാവനകളിലെ പുതുമകളും ആവേശവും അവളുമാസ്വദിച്ചു.
കമലയെ മാതു എന്നയാൾ വിളിച്ചപ്പോഴാണ് ആദ്യമായി അവളുടെ മുഖത്ത് ആ ഭാവമാറ്റമുണ്ടായത്.

"ബാലകൃഷ്ണനും ഇന്ന് റിട്ടയറാകും,
ഞാനും അവനും ഒരേ ദിവസമാണ് ജനിച്ചത്.
കമലയെയാണ് അവൻ വിവാഹം കഴിച്ചത്
പ്രേമിച്ചതാ, ഞങ്ങളെല്ലാവരും ഒരുമിച്ച് പഠിച്ചതാണ്.
നിനക്കറിയില്ലേ കമലയെ?
സുന്ദരിയാണ്."
'അറിയാം'' മുഖത്തുണ്ടായ ഭാവമാറ്റത്തോടെ അവൾ മറുപടി പറഞ്ഞു.


Related Articles