അധികം തിരക്കില്ലാത്ത തീവണ്ടി മുറിയായിരുന്നു അത്. ജനാലയിലൂടെയുള്ള കാഴ്ചകൾ കണ്ട് മടുത്ത് ഒരു ചെറുമയക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് ഒരാളെന്നെ തൊട്ടു വിളിച്ചത്. പാതി നരച്ച കുറ്റിത്താടിയുള്ള ഒരു മധ്യവയസ്ക്കൻ. ഞാൻ യാത്ര തുടങ്ങുമ്പോൾ അയാൾ അടുത്തുണ്ടായിരുന്നില്ല. ഇടയ്ക്ക് എവിടെ നിന്നോ കയറിയതായിരിക്കാം. ഞാൻ ചോദ്യഭാവത്തിൽ അയാളുടെ മുഖത്തേക്കു നോക്കി.
“നീലത്തടാകം എത്താറായോ?” അയാൾ ആകാവുന്നിടത്തോളം സ്വരം താഴ്ത്തി ചോദിച്ചു.
മയക്കത്തിൽ നിന്നുണർത്തിയതിൽ എനിക്ക് ദേഷ്യം വന്നെങ്കിലും അയാളുടെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ ഞാൻ സ്വയം നിയന്ത്രിച്ചു.
“എന്താ നിങ്ങൾ ചോദിച്ചത് നീലത്തടാകമോ?” കുറച്ച് അതിശയത്തോടെ ഞാൻ ചോദിച്ചു.
