നനവ്

തിരുമ്മിച്ചുവന്നകണ്ണുമായി പുതപ്പുമാറ്റി ഉറക്കമെണീറ്റുവരുന്നതേയുള്ളൂ സൂര്യൻ. കിടക്കയിൽ വാരിവലിച്ചിട്ട വിരിപ്പുകൾപോലെ ആകാശം. ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണോ മഞ്ഞുതുള്ളികൾ ?

പുതച്ച, കീറിയ ചാക്കിനുള്ളിലൂടെ തടയാനാകാത്തവിധം കഠിനമായ തണുപ്പിന്റെ വിശപ്പിനേക്കാൾ കൂർത്ത നഖങ്ങൾ, ഭായിയുടെ ചാട്ടവാറടിയുടെ വേദനയേക്കാൾ മൂർച്ചയോടെ മേലാസകലം മാന്തിപൊളിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽതന്നെ ശരീരംമുഴുവനും നീറ്റലാണ്. പാറമല തലയിൽചുമന്നുനടക്കുന്നപോലെ കട്ടിയോടെ വേച്ചുവേച്ചാണ് നടക്കുന്നത്. കൈകൾ ഇരുകാലുകൾക്കിടയിൽതിരുകി ചാക്കിൽ ചുരുണ്ടുകൂടിക്കിടന്നുറങ്ങാൻ കൊതിതോന്നി. രാവിലെ കുടിച്ച പഴങ്കഞ്ഞിവെള്ളം തികട്ടിവന്നു. വായിൽ കയ്പിന്റെ ചുവ നിറഞ്ഞു. കാലിൽ ചില്ലുകൾപോലെ കല്ലുകൾ കുത്തിക്കേറി ചോരപൊടിഞ്ഞ അസഹ്യമായ വേദന. എന്നെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ അമ്മയുടെ കവിളിൽ വറ്റിവരണ്ട കണ്ണുനീർ ഇരുണ്ട ഭൂപടമായി കണ്ടു. അമ്മയുടെ കണ്ണുകൾ എല്ലിന്റെ ഗുഹയ്ക്കുള്ളിലെവിടെയോ വെളിച്ചമടിച്ചു നോക്കിയാൽമാത്രം കാണാമെന്നായി. കരച്ചിൽ ഒളിച്ചിരിക്കുന്ന ചുണ്ടുകളിൽ വാക്കുകൾ ചത്തുമലച്ചുകിടന്നു. അമ്മയ്ക്ക് എന്തൊക്കെയോ എന്നോട് പറയണമെന്നുണ്ടായിരുന്നു. വർഷങ്ങളായി തീ കത്താത്ത അടുപ്പുപോലുള്ള മുഖത്ത് പട്ടിണിയുടെ ചാരംമൂടിക്കിടന്നു. കത്താൻ കൊതികൊള്ളുന്ന പശവറ്റി ഉണങ്ങിയ വിറകുകൊള്ളിയായി അമ്മ.

“എനിക്കിന്നു വയ്യമ്മേ” – യെന്നു ഉടലുമുഴുവനുമുള്ള ശക്തിസംഭരിച്ചു ഞാൻ പറഞ്ഞെങ്കിലും ദുർബ്ബലമായൊരൊച്ചയായേ അതു പുറത്തു വന്നുള്ളു. ആ ഒച്ചയെടുക്കാനുള്ള ആയാസപ്പെടലിൽ ഉറക്കം എങ്ങോട്ടോ ഓടിക്കളഞ്ഞു. ക്ഷീണിച്ച കാഴ്ചയിൽ അമ്മ ദു:ഖത്തിന്റെ ചോദ്യചിഹ്നം പോലെ നിന്നപ്പോൾ മറുത്തുപറയാൻ തോന്നിയില്ല. ജന്മംതന്ന വയറ് വെള്ളമില്ലാത്ത പാറക്കുഴിപോലെ നട്ടെല്ലിനോടുചേർന്നു ഒട്ടിക്കിടന്നു. പാവം അമ്മ. പിന്നെ ഒന്നും നോക്കിയില്ല. വയ്യായ്മയെ ആട്ടിയോടിച്ചു ചാടിയെഴുന്നേറ്റു. അമ്മ രാത്രി കഴിക്കാതെവച്ച കഞ്ഞിവെള്ളത്തിൽ കൂമ്പാളയിൽ കരുതിയ തണുത്തവെള്ളമൊഴിച്ചു കുടിച്ചു. ഉള്ള് തണുത്തു വിറച്ചു.  തണുത്തവെള്ളമൊഴിക്കണ്ടായിരുന്നുയെന്നു തോന്നിയെങ്കിലും വിശപ്പിന്റെ ചെറിയൊരു നാളമണഞ്ഞ ആശ്വാസംകിട്ടി. എവിടെന്നോ മാന്തിക്കിട്ടിയ ഒരു കിഴങ്ങ് പാൽമുളകരച്ച് പൊതിഞ്ഞമ്മ തന്നു. ഉച്ചയ്ക്കു കഴിക്കാനുള്ളതാണ്. അമ്മഎന്തു കഴിച്ചുയെന്നു ചോദിച്ചില്ല. അല്ലാതെതന്നെ എല്ലാം അറിയാമായിരുന്നു. ഇനി ഉള്ളിലൊന്നുമില്ലാതെ, കീറിയതുണി വാരിച്ചുറ്റി അമ്മയും ചാളവിട്ടിറങ്ങും, തീവെയിലിൽ പാറപൊട്ടിച്ച് മുതലാളിയുടെ അടുപ്പിൽ തീപുകയ്ക്കാൻ എന്നോർത്തു.


Related Articles