ആ മുറിയിൽ അപ്പോൾ ദേവനും ഡോക്ടറും അല്ലാതെ ഒരു നേഴ്സ് കൂടെ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം അയാളെ അസ്വസ്ഥനാക്കുന്നു എന്ന് തോന്നിയതുകൊണ്ടാവണം ഡോക്ടർ അവരോട് പുറത്തു പോകാൻ പറഞ്ഞു. അല്ലെങ്കിലും ഒരു മനശാസ്ത്രജ്ഞന്റെ മുറിയിൽ ചുവരുകൾ പോലും അധികപ്പറ്റാണ്. അയാൾ അപ്പോഴും തന്റെ രണ്ടു കൈകളും ഡോക്ടറുടെ മുമ്പിലേയ്ക്ക് നീട്ടി വെച്ചിരിക്കുകയാണ്. വിറയ്ക്കുന്ന കൈകൾ നോക്കി ഡോക്ടർ ചോദിച്ചു;
"മദ്യമില്ലാതെ ഒരു രാത്രി പോലും കഴിച്ചുകൂട്ടാൻ പറ്റില്ല അല്ലേ?"
അയാൾ 'ഇല്ല' എന്ന് തലയാട്ടി.
"റിയാലിറ്റി ഫേസ് ചെയ്യാനുള്ള ഭയം നിങ്ങളെ ഒരു ആൽക്കഹോളിക് ആക്കി മാറ്റിയിട്ടുണ്ട്"
അയാൾ മിണ്ടിയില്ല; കൈകൾ പിൻവലിച്ചു.
"എന്തിനെയാണ് നിങ്ങൾ പേടിക്കുന്നത്?"
ആലോചിക്കാതെ മറുപടി പറഞ്ഞു;
"മണ്ണിൽ ചവിട്ടി നടക്കാൻ."
"എന്താ കാരണം?"
"കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് ഒരു രാത്രി; ഞാൻ ഉറങ്ങാൻ കിടന്നതാ.. വലിയൊരു ശബ്ദം കേട്ടാണ് എണീറ്റത്. ചുറ്റും ചെളിയും വലിയ കല്ലുകളും. മേലൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. മലയിലെ ചോർന്നുപോയ മണ്ണെല്ലാം വന്നു നിൽക്കുന്നത് എൻറെ കാലിന്റെ ചോട്ടിൽ. അതിന്റേം താഴെ എന്റെ ഭാര്യയും കുഞ്ഞും. അന്ന് തൊട്ട് ഇപ്പൊ വരെ മണ്ണിൽ ചവിട്ടി നടക്കുമ്പോ എന്റെ കയ്യും കാലുമൊക്കെ കുഴയും. കാലുറയ്ക്കാനാണ് ഡോക്ടറേ ഞാൻ കുടി തുടങ്ങിയത്."
ദേവൻ ശ്വാസമെടുക്കാൻ പാടുപെട്ടു.
തന്റെ കയ്യിലെ കടലാസിൽ ഒരുവട്ടം വരച്ചിട്ട് ഡോക്ടർ ചോദിച്ചു;
"കുടുംബത്തിൽ ആരെങ്കിലും നാടുവിട്ടു പോയിട്ടുണ്ടോ?"
ഇല്ല എന്ന് പറയാൻ നാവെടുത്തതാണ്.
പെട്ടന്ന് മണ്ണു മൂടിയ തലച്ചോറിന്റെ വക്കിൽ നിന്ന് 'ദേവുട്ടാ' എന്നൊരു വിളി കേട്ടു. ദൈവമേ, താൻ അത് എങ്ങനെ മറന്നു.?
