"ഇരുട്ടും മുമ്പേ കാശ് തരപ്പെട്ടില്ലെങ്കിൽ തൂങ്ങി ചാവുന്നതാ ഭേദം."
സുഹൃത്തിന്റെ കൂടെ ചായക്കടയിലിരുന്ന് നാലാമത്തെ സിഗരറ്റ് ഊതിക്കൊണ്ട് അയാൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഓട്ടത്തിലാണ്. മനസമാധാനമായി ഉറങ്ങിയിട്ടില്ല. ഫോൺ പോലും അയാൾ എടുക്കുന്നില്ല. നാടൊട്ട് കടമില്ലെങ്കിലും കടം ചോദിക്കാൻ ഒരാൾ പോലും ബാക്കിയില്ല. മുടി വെട്ടിക്കൊണ്ടിരിയ്ക്കുമ്പോ ബാർബറോടും ചോദിച്ചു അഞ്ഞൂറ് രൂപ. സ്ഥിരം കസ്റ്റമർ അല്ലെങ്കിലും ഇടയ്ക്കും പെടയ്ക്കും അവടെ തല കാണിക്കാറുണ്ട്. ആ അഞ്ഞൂറിനാണ് ഇന്നലെ വീട്ടിൽ കേര തിന്നത്. പെറുന്നതിന് മുന്നേ തുടങ്ങിയ പൂതികളാ.. പെറ്റെണീറ്റട്ടും തീർന്നിട്ടില്ല.
കൊച്ചിന്റെ വള പണയം വെച്ച് ഇത്തിരി പൈസ അയാൾ മറച്ചിരുന്നു.. (അത് വീട്ടിൽ പറഞ്ഞത്)സത്യത്തിൽ അത് വിൽക്കേണ്ടി വന്നു.. പക്ഷെ അവളോടോ അവൾടെ അച്ഛനോടോ ഇത് മിണ്ടാൻ പറ്റില്ല. അതേ ഡിസൈനിൽ നാല് വള പണിയിപ്പിച്ചു.. കുറച്ച് കാശ് കൊടുത്തു. പക്ഷെ റൊക്കം കൊടുത്താലേ സാധനം കിട്ടുള്ളു..
