ഫോണിലൂടെ രമേശ്സിങ്ങിൻെറ ഉറക്കെയുള്ള കരച്ചിലും കേട്ടു കൊണ്ടാണ് അന്നത്തെ പ്രഭാതമെന്നെ വിളിച്ചുണർത്തിയത്. വാർത്ത കേട്ട നടുക്കത്തിൽ കിടക്കയിൽ ഞാൻ സ്തംഭിച്ചു ഇരുന്നുപോയി. എവിടുന്നോ, പൊട്ടിമുളച്ചൊരു കരച്ചിലെൻെറ തൊണ്ടക്കുഴിയോളം വന്നെത്തി നിൽക്കുന്നു. ‘മുസ്കാൻ മരിച്ചുപോയി’ എന്ന സത്യം ഉൾക്കൊള്ളാനാവതെ മനസ്സ് വിമുഖത കാട്ടി. കുറേനേരത്തിന് ശേഷം സമചിത്തത വീണ്ടെടുത്ത് ചാടിയെഴുന്നേറ്റ് ഞാൻ വാഷ്റൂമിലേക്കോടി. മൃദുല കുളികഴിഞ്ഞുള്ള പതിവ് ചായയുമായി എത്തിയപ്പോൾ ധൃതി പിടിച്ചൊരുങ്ങുന്ന എന്നെയാണ് കണ്ടത്. പരിഭ്രമിച്ച മിഴികളോടവൾ എന്നെ നോക്കി.
“ഇന്നെന്തുപറ്റി, ഇത്ര രാവിലെയിതെങ്ങോട്ടാ?”
"രമേശിൻെറ മോള് മരിച്ചുപോയി. അവനിപ്പൊ എന്നെ വിളിച്ചു വെച്ചതേയുള്ളൂ."
പെട്ടെന്ന് കയ്യിൽ കിട്ടിയൊരു കാഷ്വൽ ഷർട്ട് അയൺ ചെയ്യുന്നതിനിടെ ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു.
