മുടിനാര്

Readers Ink

മുടിനാര്


മൊബൈൽ ഫോണിലെ അലറാം നിർത്താതെ ചിലച്ചു. പുലർച്ചെ നാലുമണിയായെന്ന് വിളിച്ച് പറയുന്ന പോലെ. അവൾ ഞെട്ടിയുണർന്നു. ലേശം നേരം കൂടി ചുരുണ്ടുകൂടി കിടക്കണമെന്നുണ്ട്. പക്ഷേ... പ്രാർത്ഥനയോടെ അവൾ പിടഞ്ഞെണീറ്റു. അരികെ ഭർത്താവ് കൂർക്കംവലിച്ചുറങ്ങുന്നുണ്ട്. അപ്പുറത്ത് കുട്ടികളും.

അവൾ നേരെ അടുക്കളയിലേക്ക് നടന്നു. മുഖം കഴുകി തുടച്ചു. കൊഴുക്കുലിഞ്ഞ് തുപ്പി, ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിച്ചു. ഇനി.... അടുക്കള പണിയുടെ കുത്തൊഴുക്കാണ്. ചായയുണ്ടാക്കണം. ദോശയുണ്ടാക്കണം, സാമ്പാറും ചട്നിയും പിന്നെ ഉള്ളിച്ചമ്മന്തിയും തയ്യാറാക്കണം. ഉള്ളിച്ചമ്മന്തി ഭർത്താവിന് നിർബന്ധമാണ്. ഇല്ലെങ്കിൽ ഭർത്താവിൻ്റെ സ്വാഭാവം മാറും. സാമ്പാറിനുള്ള കലം അടുപ്പത്ത് വെച്ച്, നാളികേരം ചിരകി. ദോശയുണ്ടാക്കി കഴിഞ്ഞപ്പോൾ പല്ല് തേച്ച് മുഖം കഴുകി. മുറ്റം അടിച്ചോരി. അകവും ഉമ്മറവും അടിച്ചു തുടച്ചു. വേഗത്തിൽ മേക്കെഴുകീട്ട് ദൈവങ്ങൾക്ക് മുന്നിൽ വിളക്ക് വെച്ചു. കർപ്പൂരം കത്തിച്ചുഴിഞ്ഞു. അപ്പോഴേക്കും ഭർത്താവും കുട്ടികളും ഉണർന്നു. പത്രക്കാരൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രവും ചെറുനാരങ്ങ പിഴിഞ്ഞ കട്ടനും ടീപ്പോയിൽ കൊണ്ടു വെച്ചു.

ഭാര്യയുടെ മുഖത്ത് ഒന്നാം ഘട്ടം പണി പൂർത്തിയായതിലുള്ള ആശ്വാസമുദിച്ചു. അവൾ ക്ലോക്കിലേക്ക് നോക്കി. രണ്ടാം ഘട്ടം പണികൾ വേഗത്തിലാക്കേണ്ടിയിരിക്കുന്നു. ബാത്ത്റൂം വൃത്തിക്കേടുണ്ടോന്ന് ഓട്ട പാച്ചിൽ പരിശോധന നടത്തി. ഭർത്താവിന് പല്ല് തേക്കാനുള്ള പേസ്റ്റ്, ബ്രഷ്, കുളിക്കാനുള്ള സോപ്പ്, തോർത്ത് തുടങ്ങിയവ അതാത് സ്ഥാനങ്ങളിൽ ഉണ്ടോന്ന് ഉറപ്പിച്ചു.


Related Articles