നെന്ക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ, മൂപ്പത്തി ചരടില്‍ കെട്ടിയ ഏലസ്സിൽ തിരുമ്മിപ്പിടിച്ചു ഒരു നിൽപ്പുണ്ട്....
ചെറുപ്പത്തിലേ തന്നെ ഞങ്ങള്‍ വീട്ടിൽ കണ്ടുവരുന്ന ഒരാളായിരുന്നു മാധവി. അവർ ആരാണെന്ന് ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു സംശയം ഉണ്ടാകാതിരിക്കാന്‍ 'അപ്പച്ചി പെങ്ങൾ' എന്ന് വിളിക്കാൻ വീട്ടിലെ മുതിർന്നവർ ചട്ടം കെട്ടിയിരുന്നു. സാധാരണ ഓരോ ബന്ധുക്കള്‍ക്കും ഓരോ സ്ഥാനപ്പേരുകൾ ഉണ്ടല്ലോ അതിൽ ഒന്നും ഈ പേര് യോജിക്കാതെ വന്നപ്പോൾ പൊതുവേ ആയിരം ചോദ്യങ്ങൾ ചോദിക്കുന്ന എൻ്റെ നാവിന് ഇരിപ്പുറച്ചില്ല. അന്ന് എട്ടാം ക്ലാസിലോ മറ്റോ ആണ്...
"അപ്പച്ചി പെങ്ങളെ... നിങ്ങള്‍ ശരിക്കും എൻ്റെ ആരാ? എന്റെ ഡാഡിയുടെ സിസ്റ്റർ ആണോ അതോ ഡിസ്റ്റൻ്റ് കസിൻ ആണോ?
തറവാട്ടിൽ അവധിക്ക് മാത്രം വരുന്ന എന്നോട് മൂപ്പത്തിക്ക് വലിയ സ്നേഹമാണ്. അതുകൊണ്ട് മറുപടി ഉറപ്പെന്ന പ്രതീക്ഷയും എനിക്കുണ്ട്. അങ്ങനെയെങ്കിൽ ഇവിടുത്തുകാർക്ക് ആർക്കും അറിയാത്ത ഒരു രഹസ്യം ഞാൻ കണ്ടുപിടിച്ചൂന്നു വീമ്പ് പറയാം.
