"പേരും വയസ്സും നാടും ഒന്നും ഇല്ലാതെ നിങ്ങളെന്താ മനുഷ്യാ ആകാശത്തൂന്ന് ഇങ്ങോട്ട് പൊട്ടിവീണതാണോ ? പണ്ടാരമടക്കാൻ വന്നു ചാടിക്കോളും ഓരോരോ വയ്യാവേലികള്"
ശബ്ദം ഇത്തിരി കനത്തു പോയതു കൊണ്ടാവും കത്തി തീർന്ന കനൽക്കൊള്ളി പോലെ ഒന്നും മിണ്ടാതെ അയാൾ മുന്നിൽ വീണ ചോദ്യവുമെടുത്ത് അടുക്കളയിലേക്ക് വേച്ചുവേച്ചു നടന്നു. അത്ര കടുപ്പിച്ച് ചോദിക്കണ്ടായിരുന്നുവെന്ന് അയാളുടെ നടപ്പു കണ്ടപ്പോൾ തോന്നിപ്പോയി. തിരികെ വരുമ്പോൾ ശ്രീകൃഷ്ണ ടെക്സ്റ്റയിൽസിന്റെ തീരെ പഴകിയ ഒരു തുണിസഞ്ചി കയ്യിലുണ്ടായിരുന്നു.
"ഓർമ്മ തീരെ കുറവാണ് സാറെ. കണ്ണൊട്ടുപിടിക്കയില്ല താനും. രേഖകളൊക്കെ ഉരുളെടുത്തു പോയി. കൂടെയുള്ളോരെയും. ഇത് ആരൊക്കെയോ തപ്പിയെടുത്ത് എന്നെ ഏൽപ്പിച്ചതാ. ചിലപ്പോൾ ഇതിലുണ്ടാവും ഒക്കെ"
ആധാറും മറ്റു ചില രേഖകളും അടങ്ങിയ അതിപുരാതനസഞ്ചി അമൂല്യമായ വസ്തു പോലെ അയാൾ കയ്യിലേക്കു തന്നു. ഇതാരടാ ഞങ്ങളുടെ ലോകം കൈയ്യടക്കിയത് എന്ന അസ്വസ്ഥതയോടെ അഞ്ചാറ് വാലൻ മൂട്ടകളും കൂറക്കുട്ടികളും സഞ്ചിയിൽ നിന്ന് ധൃതിയിൽ ഇറങ്ങിയോടി.
