പള്ളിയിൽ അസർ ബാങ്ക് കേട്ടതും സാധനങ്ങളെല്ലാം അടുക്കി വച്ച് അബ്ദുള്ള കടയും പൂട്ടിയിറങ്ങി. "മ്യാവൂ" എന്ന് ശബ്ദമുണ്ടാക്കി ലിയോന പതിവുവഴിയിൽ തടഞ്ഞു നിർത്തി. അവൾക്കായി കരുതിയ റൊട്ടിക്കഷ്ണം തറയിലേക്കിട്ടു കൊടുത്ത് മുതുകിലൊന്നു തടവിയതിനു ശേഷം അയാൾ വേഗത്തിൽ നടക്കുമ്പോൾ അടുത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന പാകിസ്ഥാനി പയ്യൻ സുഹൈൽ പിറകേയെത്തി. തിരികെ വരുമ്പോൾ അവൻ്റെ കടയിൽ നിന്നും ഒരു ചായ പതിവുള്ളതാണ്. അതിനവൻ പൈസയും വാങ്ങില്ല. പകരം കുറച്ചു നേരം അബ്ദുള്ള അവനുമായി വർത്തമാനം പറഞ്ഞിരിക്കണമെന്ന് മാത്രം. അയാൾക്കവൻ്റെ മരിച്ചു പോയ ഉപ്പയുടെ ഛായയാണത്രേ. പിന്നെ ആ സമയത്തൊക്കെ കടയടച്ചിടുന്നതിന് വേറെയുമുണ്ട് കാരണങ്ങൾ.
"ആ ചെക്കൻമാർ ഒരു സ്വൈര്യവും തരുന്നില്ലിക്കാ..."
കഫ്റ്റീരിയ നടത്തുന്ന ഷാഫി ആവലാതികളുടെ കെട്ടഴിച്ചു. ഈ സമയത്ത് അവാമിയ സ്ട്രീറ്റിലെ ഒട്ടുമിക്ക കച്ചവടക്കാരും സുഹൈലിൻ്റെ ഹോട്ടലിലായിരിക്കും. ചായ കുടിക്കുന്നതിനപ്പുറം ഒരഭയകേന്ദ്രമാണത്. ലോക്കൽ അറബി പയ്യൻസ് പുറത്തിറങ്ങുന്ന സമയമാണ്. ഓരോ കടകളിലും കയറി കയ്യിൽ കിട്ടിയതെല്ലാം എടുത്തു കൊണ്ട് പോകുക, സാധനങ്ങൾ നശിപ്പിക്കുക, കച്ചവടക്കാരെ തെറി പറയുക എന്നിവയാണ് പയ്യൻസിൻ്റെ പ്രധാന വിനോദങ്ങൾ.
