ഈററ്റ വാതിലിനുള്ളില്‍ ഒരു ചിരാത് മുനിഞ്ഞു കത്തുന്നു. അവിടെ ഇല്ലായ്മയുടെ ചിനപ്പുകള്‍, വിരാമമില്ലാത്ത വിഹ്വലതകള്‍. എവിടെയാണ് സൗഖ്യം! ചാവു വിതയ്ക്കുന്ന കാലദൂതന്‍ അവസാനത്തെ ആണിയും ശവപ്പെട്ടിക്ക് അടിച്ചു കേറ്റുന്നിടത്തോ!
ചെങ്കുത്തായ കുന്നുകള്‍ക്ക് കീഴെ ജലരാശിയിലേക്ക് തുറന്നു വെച്ച കണ്ണുമായി സ്വാഗതമോതി കടല്‍. സമതലങ്ങളില്‍ പൂത്തുലഞ്ഞ ഈന്തപ്പനകള്‍. പച്ച കാര്‍പ്പെറ്റ് പോലെ മലയടിവാരം പുതപ്പിച്ചു പുല്ലുകള്‍. ആട്ടിന്‍ കൂട്ടങ്ങള്‍, ബദൂവിയന്‍ വീടുകള്‍, പകുതി നാഗരികത കടന്നെത്തിയ നാട്ടുമ്പുറ അങ്ങാടികള്‍. സള്‍ഫറിന്റെ വന്യഗന്ധവും ഏകാന്തതയും കൂടിക്കുഴയുമ്പോള്‍ കടല്‍ത്തീരത്തെ അസ്തമയം അക്ഷരങ്ങള്‍ക്ക് പിറവി നല്കുന്നു. അത് ഒറ്റയാന്‍ തലയെടുപ്പുമായി നില്‍ക്കുന്ന കുന്നിലെ കരിങ്കല്‍ക്കൂട്ടത്തില്‍ നിന്ന് സുതാര്യമായി ഒഴുകി വരുന്ന ജലപ്രവാഹം പോലെ പറഞ്ഞറിയിക്കാനാവാത്ത നനവ്. ചില സമയങ്ങളില്‍ എവിടെ നിന്നോ, കടന്നുവരുന്ന ചിത്രശലഭം പോലെയുള്ള മിന്നലാട്ടം. മണ്ണ്, മരം, മനുഷ്യന്‍ കലര്‍ന്ന വിരിയല്‍.
സ്‌നേഹാര്‍ദ്രമായ മനസ്സുണ്ടായാലെ മരുഭൂമിയുടെ കാരുണ്യത്തിലേക്കും അതിരില്ലായ്മയിലേക്കും പ്രവേശിക്കാനാവൂ. നെരൂദ കവിതയില്‍ എഴുതിയത് പോലെ 'സ്വരാക്ഷരങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. അവ വര്‍ണ്ണക്കല്ലുകളാണ്. വെള്ളിമീനുകളെപ്പോലെ അവ ഓടിക്കളിക്കുന്നു. വാക്കുകള്‍ക്ക് പിന്നാലെ ഞാന്‍ ഓടുന്നു.' പലായനം എഴുത്തുകാരെ (കാരി) ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. ചില സ്വകാര്യതകള്‍ എഴുതാനാകാതെ മനസ്സില്‍ക്കിടന്ന് വേവുന്നു. ഏകാന്ത വാസസ്ഥലങ്ങളില്‍ ഓര്‍മ്മ സ്വാഭാവികമാകുന്നു. സ്വന്തം നാട് വിട്ടൊഴിഞ്ഞു നോക്കിക്കാണുമ്പോള്‍ കുറേക്കൂടി നന്നായി, വ്യക്തമായി കാഴ്ച തിളങ്ങുന്നു.
