മയിൽപ്പേച്ച്

Readers Ink

മയിൽപ്പേച്ച്


പച്ചിലച്ചാർത്തുകൾ തിങ്ങിയ പടിഞ്ഞാറെ മൂലയിലെ മുള്ളൻ കമ്പിവേലി വളച്ചൊടിച്ച് കറുപ്പനാണ് ആദ്യം പാക്കിസാമിയുടെ തോട്ടത്തിനുള്ളിലേക്ക് ധൃതിയിൽ കയറിപ്പറ്റിയത്.

കൊല്ലിമലയുടെ ഇരുട്ടുവീണ താഴ്‌വാരത്തിലേക്ക് കുന്നിറങ്ങിയെത്തിയ പരുക്കൻ കാറ്റിന്റെ അകമ്പടിയോടെ വരണ്ടു തുടങ്ങിയ പൂഴിമണ്ണിലേക്ക് നഗ്നമായ തന്റെ കാലുകളൂന്നിക്കൊണ്ട് വേലുവും അവനെ അനുകരിച്ച് വേലിക്കെട്ടിനുള്ളിലേക്ക് ഊർന്നു കയറി.

പിന്നാലെ, മഞ്ഞൾ നിറമുള്ളൊരു തുണി സഞ്ചിയും താങ്ങിക്കൊണ്ട് മൂക്കനും ഒപ്പം ചിന്നത്തമ്പിയും ജാഗ്രതയോടെ അവർക്കൊപ്പം അകത്തേക്ക് കടന്നു.

കശുമാവിൻ തോട്ടത്തിലെ വിളവെടുപ്പ് പൂർണ്ണമായും കഴിഞ്ഞ ദിവസമായതിനാൽ പാക്കിസാമിയും ശിങ്കിടികളും ചരക്ക് നിറച്ച ലോറികൾക്കൊപ്പം പൊള്ളാച്ചിയിലെ തന്റെ കശുവണ്ടി ഫാക്ടറിയിലേക്ക് സന്ധ്യയോടെ തന്നെ യാത്ര തിരിച്ചിരുന്നു. അതിനാൽ പണിക്കാരും കാവലാളുകളും ഉൾപ്പടെ ആരും തന്നെ തോട്ടത്തിലുണ്ടാവില്ല എന്നതിനാലാണ് ഇന്നേ ദിവസം തന്നെ നാൽവർ സംഘം കൃത്യമായി കണക്കുകൂട്ടി ഇറങ്ങിയിരിക്കുന്നത്. തോട്ടത്തിന് അധികം അകലെയല്ല വെള്ളയാമൽപുരം ഗ്രാമം. ഈ നാല് ചെറുപ്പക്കാരും പിറന്നുവീണ ഊര് കൂടിയാണത്.


Related Articles