മറ്റൊരില

Readers Ink

മറ്റൊരില


കണ്ണുകളിൽ ഉറക്കം തൂങ്ങിക്കിടന്നു. ആകാശം തെളിഞ്ഞു തുടങ്ങിയിട്ടില്ല. ബാൽക്കണിയിലൊരു ക്രിസ്തുമസ് നക്ഷത്രം തെളിഞ്ഞു കത്തുന്നു. വീണ്ടും അതേ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണുണർന്നത്. ഇതിപ്പോൾ എത്രവട്ടമായി!

സ്വപ്നത്തിന്റെ അസ്വസ്ഥതകൾക്കൊടുവിലാണ് ആ മൂങ്ങയെ വീണ്ടും കാണുന്നത്. വില്ലയുടെ സൂക്ഷിപ്പുകാരനെ കൊത്തിയോടിച്ച് കണ്ണുപൊട്ടിച്ച, രാത്രികാലങ്ങളിൽ മച്ചിലെ എലികളെ ഞെരുക്കി കൊല്ലാറുള്ള അതേ മൂങ്ങ. അതിന്റെ കൊക്കുകളിൽ ചോരയുടെ തരിമ്പുകളുണ്ടോ എന്നെനിക്ക് തോന്നി. അപ്പോഴാണ് അതിനെ ഇതാദ്യമായല്ല കാണുന്നത് എന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ കരച്ചിൽ എന്റെ ഉറക്കം മുറിക്കാറുള്ള മിക്ക രാത്രികളിലും ഞാനതിനെ കാണാറുണ്ട്.

നക്ഷത്രങ്ങൾ മങ്ങി വെളിച്ചം തെളിഞ്ഞു തുടങ്ങിയ ആകാശത്തിലേക്ക് അത് പറന്നുപോയപ്പോൾ മൗഷ്മി ചായയുമായി വന്നു.

ഒരിക്കൽ ലീനയുടേതായിരുന്ന മൗഷ്മിയുടെ ചുവപ്പിൽ വെളുത്തപൂക്കളുള്ള ഉടുപ്പിലൂടെ ഒരു വഷളൻ മഞ്ഞുകാറ്റ് നൂണ്ടുകയറുന്നു. ലീനയുടെ ചുണ്ടുകളോട് വല്ലാത്ത സാമ്യമുണ്ട് മൗഷ്മിയുടെ ചുവപ്പുകൾക്ക്.


Related Articles