മൂച്ച് തീർക്കാൻ വന്നവന്മാരുടെ മായ്ച്ചാൽ മായാത്ത അടയാളങ്ങൾക്കുമീതെ സോപ്പുതേച്ചപ്പോൾ ചകിരിമെത്തയ്ക്ക് മുകളിലുള്ള മൽപ്പിടുത്തം കുളിമുറിയിലേക്കും പടരുന്നതായി അവൾക്ക് തോന്നി. രതി കേവലമൊരു വേദനയായി മാത്രം ശരീരത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടതുപോലെ. അവസാനത്തെയാൾ കടിച്ചുപൊട്ടിച്ച ചുണ്ടുകളിലെ രക്തക്കട്ടകൾ വെള്ളമുപയോഗിച്ച് കഴുകിക്കളഞ്ഞിട്ടും ചോരയും ചായവും വേർതിരിക്കാൻ പറ്റാത്തവിധം ചുണ്ട് ചുവന്നുകിടന്നു. അതിലിനിയും അന്യന്റെ തുപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതായി അവൾക്കുതോന്നി. പല്ല് കടിച്ചുള്ള രതിക്രീഡകൾ അവളുടെ മാറിലേക്കും നാഭിയിലേക്കും നീളുന്നതുപോലെ. കുളിമുറിയിലെ കണ്ണാടിയിലേയ്ക്ക് അധികനേരം നോക്കിനിൽക്കാതെ അവൾ വേഗം അവിടെനിന്നും പുറത്തിറങ്ങി.
രാവിലെ പാകമാക്കിവച്ച ചോറും തലേന്നത്തെ മീൻകറിയും ഇപ്പോൾ ചീത്തയായിട്ടുണ്ടാവും. അടുക്കളവാതിൽ തുറന്ന് വീടിനകത്തേക്ക് കടക്കുമ്പോൾ മൂടിവച്ച പാത്രങ്ങൾ നോക്കി അവൾ ഊഹിച്ചു. കീറിയ ബ്ലൗസും ഹുക്കുപൊട്ടിയ ബ്രായും വീതനപ്പുറത്തിനു മുകളിലുള്ള അയയിൽ തൂക്കിയിട്ടശേഷം അവൾ കിടപ്പുമുറിയിലേക്ക് നടന്നു. വിയർപ്പിന്റെയും ശുക്ലത്തിന്റെയും ഈർപ്പം കുടിച്ച വിരിപ്പ് വേട്ടയിൽ ഉലഞ്ഞുപോയ പുൽത്തകിടിപോലെ കട്ടിലിൽ ചുക്കിച്ചുളിഞ്ഞുകിടക്കുന്നു. അതിന്റെ പുളിപ്പുനാറ്റം മുറിയിലാകെ പടർന്ന് അവളുടെ ദുർബലശരീരം കീഴ്പ്പെടുത്തുന്നതുപോലെ തോന്നിയപ്പോൾ കനിക്ക് തലകറങ്ങി. പുരുഷരൂപങ്ങളുടെ സർവ്വമൂർച്ചയും കുടിച്ചുകിടന്ന ആ നനഞ്ഞ കിടപ്പുവിരി അവൾ തന്റെ രണ്ടു വിരലുകൾകൊണ്ട് തൂക്കിയെടുത്ത് മുറിക്ക് വെളിയിലേക്കെറിഞ്ഞു. ശേഷം ഒരു പുത്തൻ വിരിപ്പ് ചകിരിമെത്തയുടെ മുകളിൽ വിരിച്ച് നീറുന്ന നാഭിയും പൊത്തിപ്പിടിച്ച് കിടക്കയിലേക്ക് മലർന്നു. എന്നും നേരിടുന്ന മൽപ്പിടുത്തമാണെങ്കിലും ഒറ്റദിവസംപോലും കിടക്കയിൽ ഉറക്കമില്ലാതെ കണ്ണുമിഴിച്ചിരിക്കുന്നത് കനിക്കിഷ്ടമല്ല. പല ദിനരാത്രങ്ങളുടെയും മടുപ്പിക്കുന്ന ഓർമ്മകൾ അന്നേരം അവളിൽ വാങ്മയചിത്രങ്ങൾ തീർക്കും. പുത്തൻവിരിപ്പിൽ കണ്ണീരിന്റെ ഈറപ്പാടുകൾ വരയ്ക്കും. അതുകൊണ്ട് അഞ്ചോ പത്തോ മിനിറ്റിനുള്ളിൽത്തന്നെ ഉറക്കമെന്ന താൽക്കാലിക മരണത്തിലേക്ക് വഴുതിവീഴാനുള്ള വിദ്യ അവൾ കാലങ്ങളുടെ പ്രയത്നംകൊണ്ട് സ്വായത്തമാക്കിയിരുന്നു. ഉറക്കത്തിൻറെ അന്ധകൂപത്തിലേക്ക് കൂപ്പുകുത്തുന്ന യാമത്തിൽ മറ്റൊരു ഗന്ധംകൂടി അവൾ ശ്വസിച്ചെടുത്തു. മരണത്തിന്റെ മണം! ജീർണിച്ച ജഡങ്ങളിൽനിന്ന് മാത്രം വമിക്കുന്ന മൂക്കുചുളിപ്പിക്കുന്ന നാറ്റം. ജഡത്തിന്റെ ജീർണഗന്ധം തെല്ലൊന്ന് അവളുടെ കണ്ണുകളും പുരികങ്ങളും ചുളിപ്പിച്ചപ്പോഴേക്കും അവൾ ഉറക്കത്തിൻ്റെയാഴങ്ങളിലേക്ക് പതിച്ചുകഴിഞ്ഞിരുന്നു.
പെയിന്റുപോയി തുരുമ്പുപിടിച്ച ജനൽക്കമ്പികളിലൂടെ പ്രഭാതത്തിന്റെ നേർത്ത പ്രകാശം മുറിയിലേക്ക് കടന്നപ്പോഴാണ് കനി ഉറക്കമുണർന്നത്. മുറിവുപറ്റിയ ചുണ്ടുകൾ ഒട്ടിപ്പിടിച്ച് അതിനു മുകളിൽ ഒരു വെളുത്തപാട അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. നനവുവറ്റിയ നാവുകൊണ്ട് അവ രണ്ടിനെയും വേർപ്പെടുത്തി അവൾ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പറക്കുന്നതിനു മുൻപേ ചിറകുതളർന്നുപോയ പൂമ്പാറ്റയെപോലെ എഴുന്നേൽക്കാൻ തുനിഞ്ഞ കാലുകൾക്ക് ബലംപോരാതെ അവൾ കിടക്കയിലേക്കുതന്നെ പതിച്ചു. തെല്ലുനേരമിരുന്നശേഷം സർവ്വ ഊർജവും ആവാഹിച്ച് അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു. ആദ്യംതന്നെ വിരിപ്പും തലയിണക്കവറുകളും അലക്കിവിരിച്ചു. കുളിച്ചു. ഭക്ഷണം പാകംചെയ്തു. ഭൂതകാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നിനെയും തന്റെ ജീവിതത്തിൽ അവശേഷിപ്പിക്കാതെ ജനലുകളും വാതിലുകളും തുറന്നിട്ട് ഇന്നലെയുടെ മടുപ്പിക്കുന്ന ഗന്ധം പുറത്തേക്കു തള്ളിവിട്ടു. മാർക്കറ്റിൽ നിന്ന് അരിയും പച്ചക്കറിയും വാങ്ങിക്കൊണ്ടുവന്നു. അപ്പോഴേക്കും കനി ക്ഷീണിച്ചു വിയർത്തുപോയിരുന്നു. ഒരു കപ്പ് വെള്ളം കുടിച്ച് കഴുത്തിലെയും മുഖത്തെയും വിയർപ്പുചാലുകൾ തുടച്ചുകളഞ്ഞ് ഒരു ചോദ്യചിഹ്നം പോലെ അവൾ തൻ്റെ ഇന്നത്തെ എതിരാളിയെയും കാത്ത് കിടക്കയിലിരുന്നു.
