അയാളുടെ മരണം വല്ലാത്തൊരു മരണമായിരുന്നു. നിഷ്കളങ്കമായ പുഞ്ചിരിയോടെ ഒരുറക്കത്തിലേക്ക് വഴുതി വീഴുന്ന ലാഘവത്തോടെയുള്ള ഒന്ന്. അലർച്ചയോ പരിഭ്രമമോ ഉണ്ടായില്ല. മലർന്ന് കിടന്ന തലക്ക് പിന്നിലെ ഓട്ടയിലൂടെയൊരു ഈച്ച പറന്നുയർന്നപ്പോൾ കണ്ട് നിന്നവരിൽ ഹാ എന്നൊരു ശബ്ദമുണ്ടായി.
വർഷക്കാലത്ത് മഴ വെള്ളപാച്ചിലിൽ ഒഴുകിയെത്തിയ പൊങ്ങു തടി പോലെയാണ് അയാളെയാ തുരുത്തിൽ ഓരോ മനുഷ്യരും കണ്ടത്. ദൃഡമായ പേശികൾ, കുറ്റി രോമങ്ങള്‍ നിറഞ്ഞ മുഖം. നിഗൂഢതകൾ പേറിയ ഒരു മനുഷ്യൻ. അയാളുടെ പേര് അവിടെയൊരു കുഞ്ഞിന് പോലും അറിയാൻ കഴിഞ്ഞില്ല. പുകയിലക്കറ പിടിച്ച ചുണ്ടിൽ നിന്നും ഇടക്കിടക്ക് പൊഴിയുന്ന തെറിപ്പാട്ടുകൾ ചില രാത്രികളിൽ തുരുത്തിനെയാകെ അസ്വസ്ഥതപ്പെടുത്തി. കൊച്ച് കുട്ടികൾ മുതൽ തല നരച്ച പല്ല് കൊഴിഞ്ഞ മനുഷ്യര് വരെ അയാളുടെ തെറിപ്പാട്ടുകൾക്ക് ഇരയായി.
ഒരു പകൽ തുരുത്തിലൊരു വള്ളമടുത്തു. യൂണിഫോമിട്ടയൊരുത്തൻ. ചുമലിൽ നക്ഷത്ര ചിഹ്നം, അരയിലൊരു തോക്ക്, കഴുത്തിലൊരു മുറിപ്പാട്. തുരുത്തിലെ മനുഷ്യർ ബഹുമാനത്തോടെയൊതുങ്ങി നിന്നു. നെഞ്ചത്തെ ബാഡ്ജിൽ നിന്നും അദേഹത്തിന്റെ പേര് ഫ്രാൻസിസ് എന്നാണെന്ന് തുരുത്തിലാകെ പടർന്നു. വെട്ടിയൊതുക്കിയ മീശ തഴുകി ഫ്രാൻസിസ് തുരുത്തിലെ ജനങ്ങളെ നോക്കി ചിരിച്ചു. ജനങ്ങൾ തിരിച്ചുമൊരു ചിരിയെറിഞ്ഞു. ഭയം കലർന്ന ചിരിയാണതെന്ന് ഫ്രാൻസിസ് തിരിച്ചറിഞ്ഞു.
